ഓസ്‌ട്രേലിയന്‍ താരം മാക്‌സ്‌വെല്‍ വിവാഹിതനാകുന്നു; വധു തമിഴ് വംശജ

മെല്‍ബണ്‍: ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ വിവാഹിതനാകുന്നു. ഇന്ത്യന്‍ വംശജയായ വിനി രാമനാണ് വധു. തമിഴ്‌നാട്ടില്‍ വേരുകളുള്ള വിനി ജനിച്ചതും വളര്‍ന്നതും ഓസ്‌ട്രേലിയയിലാണ്.

വിനിയോടൊപ്പമുള്ള ചിത്രത്തോടൊപ്പം വിവാഹ വാര്‍ത്ത മാക്‌സ്‌വെല്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചു. മാക്‌സ്‌വെല്‍ അണിയിച്ച മോതിരം കാണിച്ചാണ് വിനി സെല്‍ഫിയില്‍ പോസ് ചെയ്തത്. വിനിയും ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരാഴ്ച്ച മുമ്പ് മാക്‌സി തന്നെ പ്രൊപ്പോസ് ചെയ്‌തെന്നും യെസ് എന്ന് ഉത്തരം നല്‍കിയെന്നും വിനി ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ഒരാഴ്ച്ച മുമ്പ് കഴിഞ്ഞിട്ട് ഞങ്ങള്‍ ഇപ്പോഴാണല്ലോ അറിഞ്ഞത് എന്നായിരുന്നു മാക്‌സ്‌വെല്ലിന്റ ഐ.പി.എല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇതിന് നല്‍കിയ കമന്റ്.

രണ്ടു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. ബിഗ് ബാഷ് ലീഗിലെ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ പരിപാടിക്കിടെയാണ് വിനിയും മാക്‌സ്‌വെല്ലും കണ്ടുമുട്ടിയത്. നേരത്തെ ഓസീസ് താരം ഷോണ്‍ ടെയ്റ്റും ഇന്ത്യന്‍ വംശജയെ വിവാഹം ചെയ്തിരുന്നു. ഐ.പി.എല്‍ പാര്‍ട്ടിക്കിടെ കണ്ടുമുട്ടിയ മാഷൂം സിന്‍ഹയെ 2014ലാണ് ടൈറ്റ് ജീവിതസഖിയാക്കിയത്.

ഓസ്‌ട്രേലിയയില്‍ ഫാര്‍മസിസ്റ്റാണ് വിനി.