അയോധ്യകേസ്: കാസര്‍കോഡ് നിരോധനാജ്ഞ

കാസര്‍കോട്: അയോധ്യ കേസ് വിധി പ്രസ്താവിക്കാനിരിക്കെ കേരളത്തിലും കനത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍. മുന്‍കരുതല്‍ എന്ന നിലയില്‍ കാസര്‍കോട് ചില മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ അഞ്ച് പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞയുള്ളത്.

മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, ചന്ദേര എന്നീ പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. 11ാം തീയതി വരെ നിരോധനാജ്ഞ തുടരും. അയോധ്യ വിധി ശനിയാഴ്ച വരാനിരിക്കേ, കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി. ഡിജിപിയും ഗവര്‍ണറെ കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതിയെക്കുറിച്ചും സ്വീകരിച്ചിരിക്കുന്ന മുന്‍കരുതലുകളെക്കുറിച്ചും ഡിജിപി ഗവര്‍ണറെ അറിയിച്ചു.

ഡിജിപി സംസ്ഥാനത്തെ എസ്പിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തി. എസ്പിമാര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തും നവ മാധ്യമങ്ങള്‍ നിരീക്ഷണ വിധേയമായിരിക്കും. കരുതല്‍ തടങ്കലുകള്‍ക്കും നിര്‍ദേശമുണ്ട്. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പരിശോധന നടത്തും. അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ വിധി എന്താണെങ്കിലും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാന്‍ എല്ലാ ജനങ്ങളും തയ്യാറാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അയോധ്യ കേസില്‍ വിധി പറയുക.

SHARE