അയോധ്യ വിധി: സമാധാനത്തിനും സൗഹാര്‍ദത്തിനും ഭംഗം വരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കുക; മുസ്‌ലിം നേതാക്കള്‍

കോഴിക്കോട്: പതിറ്റാണ്ടുകളായി തുടരുന്ന ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊഫ.കെ ആലിക്കുട്ടി മുസ്്‌ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍, ടി.പി അബ്ദുള്ളക്കോയ മദനി, എം.ഐ അബ്ദുല്‍അസീസ്, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഡോ.ഇ.കെ അഹമ്മദ്കുട്ടി, എ നജീബ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, അബുല്‍ഹൈര്‍ മൗലവി, ഡോ.പി.എ ഫസല്‍ഗഫൂര്‍, സി.പി കുഞ്ഞിമുഹമ്മദ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

രാജ്യത്തെ പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ കൈക്കൊള്ളുന്ന തീരുമാനം ഏതുതരത്തിലായാലും വിധിയെ സംയമനത്തോടെ അഭിമുഖീകരിക്കണം. രാജ്യത്ത് ധ്രുവീകരണവും ശത്രുതയും സൃഷ്ടിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ശക്തി പകരുന്ന ശ്രമങ്ങളില്‍ നിന്ന്എല്ലാവരും വിട്ടു നില്‍ക്കണം. മുസ്‌ലിംകളുടെ ആരാധനാലയമെന്നതിനൊപ്പം രാജ്യത്തിന്റെ മഹത്തായ പൈതൃകത്തിന്റെ പ്രതീകം കൂടിയാണ് ബാബരി മസ്ജിദ്.

മസ്ജിദിന്റെയും അത് നിലകൊള്ളുന്ന ഭൂമിയുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച എല്ലാ ന്യായവാദങ്ങളും ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും ആധികാരിക രേഖകളുടെയും പിന്‍ബലത്തോടെതന്നെ ബഹുമാപ്പെട്ട കോടതിമുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതാണ്. വിധിയുടെ പേരില്‍ നാടിന്റെ സമാധാനത്തിനും സൗഹാര്‍ദത്തിനും ഭംഗം വരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. ജനാധിപത്യവും മനുഷ്യാവകാശവും സമാധാനവും സംരക്ഷിക്കാനും നീതിയുടെയും സത്യത്തിന്റെയും പക്ഷത്ത് നിലകൊള്ളാനും ഭരണകൂടം സന്നദ്ധമാവുമെന്ന് പ്രതീക്ഷിക്കുന്നതായും മുസ്‌ലിം നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

SHARE