ബാബരി മസ്ജിദ് കേസ്: രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി; പള്ളിക്ക് പകരം ഭൂമിയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അയോധ്യാ കേസില്‍ സുപ്രീംകോടതി ഏകകണ്ഠമായി വിധി പ്രസ്താവിച്ചു. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനും അഞ്ചേക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിന് ഉചിതമായ സ്ഥലത്തു നല്‍കണമെന്നുമാണ് സുപ്രീംകോടതി ഉത്തരവ്. മൂന്നുമാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി രൂപീകരിക്കണമെന്നും വിധിയില്‍ പറയുന്നു. അലഹബാദ് വിധി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിന്മേലുള്ള അന്തിമവിധിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. രാവിലെ പത്തരക്കായിരുന്നു വിധിപ്രസ്താവം തുടങ്ങിയത്.

പള്ളി തകര്‍ത്തത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. പള്ളി പണിയാന്‍ മുസ്ലിംങ്ങള്‍ക്ക് അഞ്ചേക്കര്‍ പകരം ഭൂമി നല്‍കണം. ഇതിനായി മൂന്നു മാസത്തിനകം കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ഭൂമിക്കടിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട തള്ളാനാവില്ലെന്ന് കോടതി പറഞ്ഞു. ബാബരി മസ്ജിദ് പണിതത് ഒഴിഞ്ഞുകിടന്ന ഭൂമിയില്‍ അല്ല. ആ കെട്ടിടത്തിന്റെ അടിയിലുണ്ടായിരുന്ന അവഷിഷ്ടങ്ങള്‍ ഇസ്ലാമികമല്ല എന്നതിനു തെളിവുണ്ട്. എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ കണ്ടെത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

തര്‍ക്ക സ്ഥലത്തു തന്നെയാണ് ശ്രീരാമന്‍ ജനിച്ചത് എന്നു ഹിന്ദുക്കള്‍ വിശ്വസിച്ചുവരുന്നതിന് തെളിവുണ്ട്. രാം ചബൂത്ര, സീതാ രസോയി എന്നിവയില്‍ ബ്രിട്ടിഷ് കാലത്തിനു മുമ്പുതന്നെ ഹിന്ദുക്കള്‍ ആരാധാന നടത്തിയിരുന്നതിനും തെളിവുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസില്‍ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

തര്‍ക്കസ്ഥലത്ത് മുസ്ലിംകള്‍ പ്രാര്‍ഥന നടത്തുമ്പോള്‍ തന്നെ അതിനോടു ചേര്‍ന്ന സ്ഥലത്ത് ഹിന്ദുക്കള്‍ പ്രാര്‍ഥന നടത്തിയിരുന്നുവെന്നു വ്യക്തമാണ്. പള്ളി മുസ്ലിംകള്‍ ഉപേക്ഷിച്ചതാണെന്ന വാദം ശരിയല്ല. എന്നാല്‍ പള്ളി നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ല.

രാമജന്മ ഭൂമിയെ നിയമ വ്യക്തിത്വമായി അംഗീകരിക്കണമെന്ന നിര്‍മോഹി അഖാഡയുടെ വാദം കോടതി അംഗീകരിച്ചില്ല. നിര്‍മോഹി അഖാഡ നല്‍കിയ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് ഷിയ വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 1946ലെ ഫൈസാബാദ് കോടതി വിധിയെ ചോദ്യം ചെയ്താണ് ഷിയാ വഖഫ് ബോര്‍ഡ് ഹര്‍ജി നല്‍കിയിരുന്നത്. വിശ്വാസികളുടെയും ഭക്തരുടെയും വികാരങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ട് സംതുലിതമായി മാത്രമേ കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

40 ദിവസം നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍, ഡി വൈ ചന്ദ്രചൂഡ്, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച്് കേസില്‍ വിധി പറഞ്ഞത്.

തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയണമെന്ന ഷിയാ വഖഫ് ബോര്‍ഡിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും സുന്നി വഖഫ് ബോര്‍ഡിനല്ലെന്നും ഷിയാ വഖഫ് ബോര്‍ഡ് വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം സുപ്രീം കോടതി തള്ളി. തുടര്‍ന്നാണ് നീണ്ട വിധി പ്രസ്താവം ഉണ്ടായത്.

വിധി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സുപ്രീംകോടതിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സുപ്രധാന വിധി വരുന്നതിന് മുന്നോടിയായി എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത പൂര്‍ണ്ണമായും ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ കോടതിയിലേക്കുള്ള റോഡുകള്‍ അടച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ഡല്‍ഹിയിലെ വസതിക്ക് മുന്നിലും പൊലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അടക്കം ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരുടെ സുരക്ഷാ സംവിധാനങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ കൂട്ടിയിരുന്നു.

രാജ്യമൊട്ടാകെ കനത്ത സുരക്ഷയാണ് വിധിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ളത്. ഉത്തര്‍പ്രദേശിലും ജമ്മു കശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയോടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ബസ് സ്റ്റാന്‍കുളും റെയില്‍വേ സ്‌റ്റേഷനുകളും നിരീക്ഷണത്തിലാണ്. കനത്ത ജാഗ്രത പാലിക്കാന്‍ സേനക്ക് നിര്‍ദേശം നല്‍കി. പ്രശ്‌നസാധ്യത മേഖലകളില്‍ ആവശ്യമെങ്കില്‍ ആളുകളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനും നിര്‍ദ്ദേശം ഉണ്ട്. നവ മാധ്യമങ്ങളും നിരീക്ഷണത്തിലാണ്. മതസ്പര്‍ധയ്ക്കും സാമുദായിക സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്ന തരത്തില്‍ സന്ദേശം തയ്യാറാക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി നടപടിയെടുക്കും.

SHARE