പാലക്കാട്: ഡാമുകള്‍ തുറന്നതിലെ വീഴ്ചയാണ് മഹാപ്രളയത്തിനു കാരണമായതെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകയോട് തട്ടിക്കയറിയ മന്ത്രി എം.എം മണിയുടെ പെരുമാറ്റദൂഷ്യം വിവാദമായിരുന്നു. ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് വി.ടി ബല്‍റാം എം.എല്‍.എ. ജനങ്ങള്‍ക്കറിയാന്‍ അവകാശമുള്ള ഒരു പൊതുവിഷയത്തില്‍ ഉത്തരവാദപ്പെട്ട ഭരണാധികാരിയോട് ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരേയാണ് മന്ത്രി ആട്ടിപ്പായിക്കുന്നതെന്ന് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചോദ്യം ചോദിച്ചതിന് ആട്ടിയിറക്കാന്‍ മന്ത്രി വസതി മണിയുടെ തറവാട്ടുസ്വത്തല്ലെന്നും മന്ത്രി എന്ന നിലയില്‍ നല്‍കിയ ഔദ്യോഗിക വസതിയാണെന്നും ബല്‍റാം ചൂണ്ടിക്കാട്ടി.

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എത്ര ധിക്കാരത്തോടെയാണ് പൊതുജനങ്ങളുടെ ചെലവില്‍ മന്ത്രിയായി ഇരിക്കുന്ന ഈ സിപിഎമ്മുകാരന്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയോട് തട്ടിക്കയറുന്നത്! ‘പോ… പോകാന്‍ പറഞ്ഞാല്‍ പോണം… മേലാല്‍ എന്റെ വീട്ടില്‍ കേറിപ്പോകരുത്’ എന്നൊക്കെപ്പറഞ്ഞ് ആട്ടിപ്പായിക്കുന്നത് ജനങ്ങള്‍ക്കറിയാന്‍ അവകാശമുള്ള ഒരു പൊതു വിഷയത്തില്‍ ഉത്തരവാദപ്പെട്ട ഭരണാധികാരിയോട് ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരേയാണ്. ആട്ടിയിറക്കുന്നത് ഇദ്ദേഹത്തിന്റെ തറവാട്ടുവീട്ടില്‍ നിന്നൊന്നുമല്ല, മന്ത്രി എന്ന നിലയില്‍ നല്‍കിയ ഔദ്യോഗിക വസതിയില്‍ നിന്നാണ്. ഇവരെയൊക്കെ സഹിക്കേണ്ടുന്ന എന്ത് ഗതികേടാണ് ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ളത്?

പ്രളയത്തെ ഈ മട്ടിലുള്ള ഒരു മഹാപ്രളയമാക്കി മാറ്റിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും ഡാം മാനേജ്‌മെന്റിലെ അപാകതയുമാണെന്ന് വസ്തുനിഷ്ഠമായി ചൂണ്ടിക്കാട്ടിയവരെയെല്ലാം അധിക്ഷേപിച്ച് നിശ്ശബ്ദരാക്കാനായിരുന്നു സിപിഎമ്മുകാരും പിണറായി ഭക്ത്കളും തുടക്കം മുതല്‍ തന്നെ രംഗത്ത് വന്നിരുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതല്‍ ഡോ. ഇ ശ്രീധരനും ഡോ.മുരളി തുമ്മാരുകുടിയും വരെ നിരവധി പേര്‍ പ്രകടിപ്പിച്ച ആശങ്കകളെല്ലാം ശരിവക്കുന്ന തരത്തിലാണ് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

400 ലേറെ മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ, കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയ, പതിനായിരക്കണക്കിനാളുകളെ വഴിയാധാരമാക്കിയ ഒരു വലിയ ദുരന്തത്തേക്കുറിച്ച് ഔദ്യോഗികമായ ഒരു അന്വേഷണം പോലും നടത്താന്‍ കൂട്ടാക്കാത്ത നിര്‍ബ്ബന്ധ ബുദ്ധിയാണ് പിണറായി വിജയനും സര്‍ക്കാരും ഇതുവരെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ജനാധിപത്യം നിലനില്‍ക്കുന്ന ഏതൊരു സമൂഹത്തിലും ഇത്തരമൊരു പിടിവാശിയും ധിക്കാരവും അംഗീകരിക്കപ്പെടുമെന്ന് തോന്നുന്നില്ല.

പ്രളയ ദുരന്തം സമഗ്രമായി അന്വേഷിച്ചേ പറ്റൂ. ഈ നാടിനെ തകര്‍ത്തതാരാണെങ്കിലും മറുപടി പറഞ്ഞേ പറ്റൂ.