ബാര്‍ കോഴ: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം നോബിള്‍ മാത്യു നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്ന് കോടതി അറിയിച്ചു.

വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ അത് പൂര്‍ത്തിയാകട്ടേയെന്നും കേസില്‍ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. അന്വേഷണം സമാപിച്ച ശേഷം പരാതിക്കാരന് പരാതികളുണ്ടെങ്കില്‍ ഉചിതമായ കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, വിധി സ്വാഗതാര്‍ഹമാണെന്ന് കെ.എം മാണി പ്രതികരിച്ചു.