മദ്യത്തിനെന്ത് സാമൂഹിക അകലം?; അകലം പാലിക്കാതെ മദ്യവില്‍പനശാലകള്‍

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ പൂട്ടിയിട്ട മദ്യവില്പനശാലകള്‍ തുറന്നതോടെ സാമൂഹിക അകലം വാക്കുകളിലൊതുങ്ങി. സമ്പൂര്‍ണ്ണ അടച്ചുപൂട്ടലിന്റെ മൂന്നാംഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ മദ്യവില്പനശാല തുറക്കുന്നതില്‍ ഇളവ് അനുവദിച്ചത്. കേന്ദ്രത്തിന്റെ ഇളവിന്റെ ബലത്തില്‍ മദ്യവില്‍പനശാലകള്‍ തുറന്ന സംസ്ഥാനങ്ങളെല്ലാം വെട്ടിലായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കര്‍ണ്ണാടക, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് മദ്യവില്‍പനശാലകള്‍ തുറന്നത്. ഇവിടങ്ങളിലെല്ലാം രാവിലെ 7.30 മുതല്‍ നീണ്ട വരി ദൃശ്യമാണ്. ദേശീയതലസ്ഥാനമായ ഡല്‍ഹിയില്‍ മാത്രം 150ഓളം മദ്യവില്‍പനശാലകളാണ് തുറന്നത്. മാര്‍ച്ച് 24നാണ് ലോക്ക്ഡൗണിനെത്തുടര്‍ന്ന് രാജ്യത്തെ മദ്യവില്‍പനശാലകള്‍ അടച്ചിട്ടത്. കര്‍ണ്ണാടകയില്‍ ചില മദ്യവില്‍പശാലകള്‍ക്ക് മുന്‍പില്‍ പൂക്കള്‍ അര്‍പ്പിച്ചും നാളികേരമുടച്ചും പ്രാര്‍ത്ഥനകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. മെയ് ഒന്നിനാണ് നിയന്ത്രണങ്ങളോടെ മദ്യവില്‍പനശാലകള്‍ തുറക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയത്.

സംസ്ഥാനങ്ങളുടെ പ്രധാനവരുമാനമാര്‍ഗ്ഗമാണ് മദ്യവില്‍പന. അതുകണക്കിലെടുത്താണ് മദ്യവില്‍പനശാലകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയാണ് കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനസാധ്യത രാജ്യം ഇല്ലാതാക്കിയത്. എന്നാല്‍ ഇപ്പോള്‍ അതിനെ ഇല്ലാതാക്കുന്ന കാഴ്ച്ചകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

SHARE