പൊലീസിന്റെ മനോവീര്യം നശിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ എം.പിമാരുടെയും എം.എല്‍.എമാരുടെയും നാവരിയും: ആന്ധ്ര പൊലീസ്

അമരാവതി: പൊലീസിന്റെ മനോവീര്യം നശിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ എം.പിമാരുടെയും എം.എല്‍.എമാരുടെയും നാവരിയുമെന്ന് ആന്ധ്ര പൊലീസിന്റെ താക്കീത്. ആന്ധ്രപ്രദേശിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ മാധവാണ് ടി.ഡി.പി എം.പിക്കെതിരെ രൂക്ഷപരാമര്‍ശവുമായി രംഗത്തെത്തിയത്.

ചില കാര്യങ്ങള്‍ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സംയമനം പാലിക്കുകയാണെന്നും അതിരുകടന്ന് പൊലീസുകാര്‍ക്കെതിരെ ആരെങ്കിലും ഇനി സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് കേട്ടിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അവരുടെ നാവരിഞ്ഞുകളയും. അതില്‍ സംശയമൊന്നും വേണ്ട. സൂക്ഷിച്ചോളൂ..’- വാര്‍ത്താസമ്മേളനത്തിനിടെ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

ഇതിനെതിരെ പ്രതികരണവുമായി ജെ.സി ദിവാകര്‍ റെഡ്ഡി എം.പി രംഗത്തെത്തി. ഇന്‍സ്‌പെക്ടര്‍ക്കെതിരെ എം.പി പരാതി നല്‍കി. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ വിജയകുമാര്‍ പറഞ്ഞത്.

അരിയാനുള്ള നാവ് എവിടെ നിന്നും കിട്ടുമെന്ന് എംപി ചോദിച്ചു. കഴിഞ്ഞദിവസം താതിപത്രി ഗ്രാമത്തില്‍ ഇരു സംഘങ്ങള്‍ക്കിടയില്‍ നടന്ന സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് ഒന്നും ചെയ്തില്ലെന്ന് റെഡ്ഡി ആരോപിച്ചിരുന്നു. പൊലീസ് സേനയിലെ ഒരുത്തനും ആണത്തമില്ലെന്നും അക്രമം തുടങ്ങിയപ്പോള്‍ പൊലീസ് സ്വയം രക്ഷപ്പെടുകയായിരുന്നുവെന്നും തനിക്ക് പോലും സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഓടേണ്ട അവസ്ഥ വന്നുവെന്നും റെഡ്ഡി പറഞ്ഞിരുന്നു. പുരുഷനായാണ് തങ്ങള്‍ പൊലീസ് സേനയില്‍ എത്തിയതെന്നും ആണത്തമില്ലാത്തവരല്ല തങ്ങളെന്നും മാധവ് തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സേനയെ പഠിപ്പിക്കാന്‍ വന്നാല്‍ അവരുടെ നാവരിയുമെന്ന താക്കീതുമായി മാധവ് വാര്‍ത്താസമ്മേളനം നടത്തിയത്.

SHARE