ബെന്നി ബെഹന്നാന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ നാലു എംഎല്‍എമാര്‍

കൊച്ചി: ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാല്‍ സ്ഥാനാര്‍ഥിയുടെ അസാന്നിധ്യത്തില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ എംഎല്‍എമാരായ വി.പി സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം ജോണ്‍ എന്നിവരെ ചുമതലപ്പെടുത്തി. തുറന്ന വാഹനത്തിലുള്ള മണ്ഡല പര്യടന പരിപാടിയില്‍ സ്ഥാനാര്‍ഥിക്ക് പകരം എംഎല്‍എമാര്‍ പങ്കെടുക്കും. കൊടുങ്ങല്ലൂരില്‍ വി.ഡി സതീശനും കൈപ്പമംഗലം, ചാലക്കുടി മണ്ഡലങ്ങളില്‍ ഇതേ എംഎല്‍എമാരും സംസ്ഥാന നേതാക്കളും പര്യടനം നടത്തും. സ്ഥാനാര്‍ഥി പര്യടന പരിപാടി എന്നത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയാക്കി മാറ്റാനും അങ്കമാലിയില്‍ നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗം തീരുമാനിച്ചു. സ്ഥാനാര്‍ഥി പ്രചാരണ രംഗത്തേക്ക് തിരിച്ചു വരുന്നത് വരെ ഈ സംവിധാനം തുടരും. ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന റോഡ്‌ഷോയും വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

SHARE