ഭാരത് പെട്രോളിയത്തിന്റെ മുഴുവന്‍ ഓഹരികളും മോദി സര്‍ക്കാര്‍ വില്‍ക്കുന്നു; താത്പര്യപത്രം ക്ഷണിച്ചു

രാജ്യത്തെ രണ്ടാമത്തെ എണ്ണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുന്നു. പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പറേഷ(ബി.പി.സി.എല്‍.)നില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 52.98 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. ഓഹരി വില്‍ക്കുന്നത് സംബന്ധിച്ച് അറിയിച്ച സര്‍ക്കാര്‍ ലേലം വിളിച്ച് ക്ഷണപത്രമിറക്കി.

ഓഹരി വാങ്ങാന്‍ താത്പര്യമുള്ളവര്‍ മേയ് 4നു മുമ്പ് സര്‍ക്കാരിന് അപേക്ഷ നല്‍കണം.

കേന്ദ്രസര്‍ക്കാരിന്റെ മഹാരത്‌ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമാണ് ഭാരത് പെട്രോളിയം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കൊച്ചിയിലും റിഫൈനറിയുണ്ട്. 2016ല്‍ ഫോര്‍ച്യൂണ്‍ തയ്യാറാക്കിയ ലോകത്തെ ഏറ്റവും വലിയ കോര്‍പറേഷനുകളുടെ പട്ടികയില്‍ ഭാരത് പെട്രോളിയവും ഇടംനേടിയിരുന്നു.

രാജ്യത്തെ മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നിന്റെ ഓഹരികളാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വിറ്റഴിക്കാന്‍ ഒരുങ്ങുന്നത്. 114.91 കോടിയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓഹരികളുടെ മൂല്യം. സര്‍ക്കാരിന്റെ ഓഹരികള്‍ വാങ്ങുന്നവര്‍ക്ക് കമ്പനിയുടെ മാനേജ്‌മെന്റ് അധികാരവും വിട്ടുനല്‍കും. എന്നാല്‍ അസമിലുള്ള റിഫൈനറിയുടെ മാനേജ്‌മെന്റ് അധികാരം സര്‍ക്കാര്‍ വിട്ടുനല്‍കില്ല. ബിപിസിഎല്‍ ഓഹരികള്‍ വാങ്ങുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അര്‍ഹതയുണ്ടാകില്ല. 100 കോടി വരുമാനമുള്ള സ്വകാര്യ കമ്പനികള്‍ക്കാണ് യോഗ്യതയുള്ളത്. നാല് കമ്പനികള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിനും ഭാരത് പെട്രോളിയത്തിന്റെ ഓഹരികള്‍ വാങ്ങാന്‍ അനുമതിയുണ്ടാകും.