ഗുജറാത്തില്‍ വനിതാ കോളജില്‍ 68 വിദ്യാര്‍ഥിനികള്‍ക്ക് അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന

ഗുജറാത്തില്‍ വനിതാ കോളജില്‍ 68 വിദ്യാര്‍ഥിനികള്‍ക്ക് അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന

ഗാന്ധിനഗര്‍: ഗുജറാത്തിലെ വനിതാ കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിര്‍ബന്ധിത ആര്‍ത്തവ പരിശോധന നടത്തിയതായി പരാതി. ഭുജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് വിദ്യാര്‍ഥിനികളെ കോളജ് അധികൃതര്‍ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയത്.

കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന 68 പെണ്‍കുട്ടിക്കെതിരായാണ് പ്രിന്‍സിപ്പലും സംഘവും പ്രാകൃത നടപടി നടത്തിയത്. പരിശോധനയുടെ ഭാഗമായി പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ വിദ്യാര്‍ത്ഥിനികളെ വരിക്ക് നിര്‍ത്തിച്ച് പെണ്‍കുട്ടികള്‍ ആര്‍ത്തവ കാലത്തിലല്ലെന്ന് തെളിയിക്കാന്‍ അപമാനകരമായി നിര്‍ബന്ധിച്ചു അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആര്‍ത്തവ സമയത്ത് ഹോസ്റ്റല്‍ അടുക്കളയില്‍ കയറുന്നു, ക്ഷേത്രത്തിന് സമീപത്തേക്ക് പോകുന്നു, പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകുന്നു തുടങ്ങിയ കുറ്റങ്ങള്‍ നിരത്തിയാണ് പരിശോധന നടന്നത്. ആര്‍ത്തവ സമയത്ത് വിദ്യാര്‍ഥിനികള്‍ അടുക്കളയിലും ക്യാമ്പസിനോട് ചേര്‍ന്നുള്ള അമ്പലത്തിലും പ്രവേശിക്കരുതെന്നാണ് കോളജിലെ നിയമം. കുട്ടികള്‍ നിയമം ലംഘിക്കുന്നുവെന്ന ഹോസ്റ്റല്‍ വാര്‍ഡന്റെ പരാതിയെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ റിത റാണിംഗ പെണ്‍കുട്ടികളെ ക്ലാസ് മുറിയില്‍ നിന്നും ഇറക്കി പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
വിദ്യാര്‍ഥിനികളോട് അവരുടെ ആര്‍ത്തവ കാലത്തെ കുറിച്ച് പരസ്യമായി ചോദിക്കുകയും തുടര്‍ന്ന് വാഷ്‌റൂമില്‍വെച്ച് അവരുടെ അടിവസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന രീതി ക്യാമ്പസില്‍ പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു.

അതേസമയം, സംഭവം വിവാദമായതിന് പിന്നാലെ ഇത്തരമൊരു പരിശോധന നടന്നിട്ടില്ലെന്ന പ്രസ്താവനയില്‍ കോളജ് അധികൃതര്‍ നിര്‍ബന്ധിച്ച് ഒപ്പുവെപ്പിച്ചെതായും കുട്ടികള്‍ പറഞ്ഞു. പോലീസ് അന്വേഷണം ഇല്ലാതാക്കാന്‍ കോളേജ് അധികൃതര്‍ മാതാപിതാക്കളെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായും വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു

സ്വാമിനാരായണ്‍ മന്ദിര്‍ അനുയായികള്‍ നടത്തുന്ന കോളേജില്‍ 1,500 ഓളം കുട്ടികളാണ് പഠിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ കൊളേജ് പ്രിന്‍സിപ്പലോ ബന്ധപ്പെട്ട അധികൃതരോ പ്രതികരിച്ചില്ല. ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY