മോദിയുടെ ഒരു മായാജാലവും വിലപ്പോവില്ല, നിയമസഭയിലെ ജയം ലോക്‌സഭയിലും കോണ്‍ഗ്രസ് ആവര്‍ത്തിക്കും-ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍

റായ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പിലെ ജയം തന്നെയാണ് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ആവര്‍ത്തിക്കുകയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും മോദിയുടെ മായാജാലം ഇനി വിലപ്പോകില്ലെന്നും ബാഗല്‍ പറഞ്ഞു.

ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ് സെമി ഫൈനലായിരുന്നു. അതില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഇനി വരുന്നത് ഫൈനലാണ്. അവിടെയും കോണ്‍ഗ്രസ് ബി.ജെ.പിയെ മലര്‍ത്തിയടിക്കും.

അജിത് ജോഗി ഉള്ളതു കൊണ്ടാണ് ബി.ജെ.പി ഇത്രയെങ്കിലും സീറ്റുകള്‍ നേടിയത്. ഇല്ലെങ്കില്‍ ഇതിലും കഷ്ടമായേനെ. ഇപ്പോള്‍ ജോഗിക്ക് ഒരു പ്രസക്തിയുമില്ല. നിയമസഭയില്‍ മോദിയുടെ മായാജാലങ്ങളൊന്നും വിലപ്പോയില്ല. ഇലക്ഷന്‍ മെഷിനറിയെ പറ്റിയാണ് എപ്പോഴും പറയുന്നത്. എന്നാല്‍ ഒടുവില്‍ അതും പരാജയപ്പെട്ടുവെന്നും ബാഗല്‍ കൂട്ടിച്ചേര്‍ത്തു.