പൊലീസ് പിഴ ചുമത്താന്‍ തുടങ്ങി; ഹെല്‍മറ്റ് കടകളില്‍ വന്‍ തിരക്ക്

കോഴിക്കോട്: ഇരുചക്ര വാഹനങ്ങളിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ നഗരത്തിലെ ഹെല്‍മറ്റ് കടകളില്‍ വന്‍ തിരക്ക്. പ്രതിദിനം 10 മുതല്‍ 30 വരെ ഹെല്‍മറ്റുകള്‍ വില്‍പന നടത്തിയിരുന്ന കടകളില്‍ കഴിഞ്ഞ 2 ദിവസങ്ങളിലായി 100 മുതല്‍ 150 ഹെല്‍മറ്റുകള്‍ വരെയാണ് വില്‍ക്കുന്നത്.

നാല് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ കുട്ടികള്‍ക്കുള്ള ഹെല്‍മറ്റ് തേടിയും ഒട്ടേറെ പേര്‍ വരുന്നുണ്ടെന്നു കച്ചവടക്കാര്‍ പറയുന്നു. മിക്ക കടകളും കുട്ടികളുടെ ഹെല്‍മറ്റുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. 600 രുപ മുതലാണ് കുട്ടികളുടെ ഹെല്‍മറ്റിന്റെ വില. മുതിര്‍ന്നവര്‍ക്കായി 480 രൂപ മുതലുള്ള ഹെല്‍മറ്റുകളുണ്ട്. ബ്രാന്‍ഡഡ് ഹെല്‍മറ്റുകളുടെ വില 900 രൂപയിലാണ് തുടങ്ങുന്നത്. 25,000 രൂപയുടെ വിദേശനിര്‍മിത ഹെല്‍മറ്റുകള്‍ വരെ വിപണിയിലുണ്ട്.

ഒന്നാം തിയ്യതി മുതല്‍ നിര്‍ബന്ധമാക്കിയെങ്കിലും ഇന്ന് മുതലാണ് പൊലീസ് പിഴ ചുമത്താന്‍ ആരംഭിച്ചത്. ഹെല്‍മറ്റില്ലാതെ രണ്ടുപേര്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ അത് രണ്ട് നിയമലംഘനമായി കണക്കാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. വാഹന ഉടമയില്‍ നിന്നാണ് പിഴ ഈടാക്കുക. 500 രൂപയാണ് ഒരു നിയമലംഘനത്തിനുള്ള പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 1000 രൂപ ഈടാക്കും. നിയമലംഘനം തുടര്‍ന്നാല്‍ ലെസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

SHARE