ബി.ജെ.പിക്ക് വന്‍ തിരിച്ചടി: ഉപതെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ബിഹാര്‍ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി എന്‍.ഡി.എ വിട്ടു

പറ്റ്‌ന: ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (സെക്കുലര്‍) നേതാവുമായ ജിതന്‍ റാം മാഞ്ചി ബിജെപിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചു. ആര്‍.ജെ.ഡി നേതാവും ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് എന്‍ഡിഎ വിടാനുള്ള തീരുമാനം മാഞ്ചി പ്രഖ്യാപിച്ചത്.

എന്‍.ഡി.എ വിട്ട മാഞ്ചി ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യത്തില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മാഞ്ചി എന്‍.ഡി.എ വിടാന്‍ കാരണം. ബിഹാറില്‍ ഒഴിവ് വരുന്ന ഒരു രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് മാഞ്ചി എന്‍ഡിഎയില്‍ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎയുമായി സഹകരിക്കില്ലെന്ന് അദ്ദേഹം ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാഞ്ചിയുടെ ആവശ്യം എന്‍.ഡി.എ തള്ളിയതിനു പിന്നാലെ അദ്ദേഹം ആര്‍.ജെ.ഡി നേതാക്കളായ റാബ്രി ദേവി, തേജസ്വി യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിശേഷം എന്‍.ഡി.എ വിട്ടതായി അറിയിച്ചത്.

ഇനി മുതല്‍ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, രാഷ്ട്രീയ ജനതാ ദള്‍ നേതൃത്വം നല്‍കുന്ന വിശാല സഖ്യത്തിനൊപ്പമായിരിക്കുമെന്നും ജിതന്‍ റാം മാഞ്ചി കൂടിക്കാഴ്ചക്കു ശേഷം വ്യക്തമാക്കി. ഇന്ന് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് മാഞ്ചി അറിയിച്ചു. പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയതിനു ശേഷമാണ് താനും പാര്‍ട്ടിയും എന്‍ഡിഎ വിടുകയാണെന്ന് മാഞ്ചി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.മാര്‍ച്ച് 11ന് അരാരിയ ലോക്‌സഭാ മണ്ഡലത്തിലേക്കും ജഹനാബാദ്, ബാബുവ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കാനിരിക്കെ മാഞ്ചിയുടെ പിന്‍മാറ്റം ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

SHARE