ജോലി കിട്ടി നിമിഷങ്ങള്‍ മാത്രം; ബൈക്കപകടത്തില്‍ യുവാക്കള്‍ കൊല്ലപ്പെട്ടു

ആലപ്പുഴ: ജോലി കിട്ടി നിമിഷങ്ങള്‍ക്കകം യുവാക്കള്‍ ബൈക്കപകടത്തില്‍ കൊല്ലപ്പെട്ടു. ചെങ്ങന്നൂരിന് സമീപം എം.എസി റോഡിലാണ് സംഭവം. അപകടത്തില്‍ ജയന്‍(20), അഭിരാജ് ഭാസി(19) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടമുണ്ടായത്. അമ്പാടിയും അഭിരാജും സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെവന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തൊഴില്‍മേളയ്ക്ക് എത്തി ജോലി സ്വന്തമാക്കി മടങ്ങിയ ഉടനെയായിരുന്നു അപകടം.

എതിരെ വന്ന ബൈക്കിന്റെ ഹാന്‍ഡിലില്‍ തട്ടി മറിഞ്ഞതോടെ അമ്പാടി എതിരെവന്ന കാറിനടിയിലേക്കും പിന്നിലിരുന്ന അഭിരാജ് മുമ്പേ പോയ കെ.എസ്.ആര്‍.ടി.സി ബസിന് അടിയിലേക്കും മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ എതിരെ വന്ന ബൈക്കില്‍ സഞ്ചരിച്ചിരുന്ന കൊല്ലം സ്വദേശികളായ സുജിത്ത്, രാഹുല്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇരുവരുടെയും ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയിരുന്നില്ലെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐടിഐയില്‍ പൂര്‍വ വിദ്യാര്‍ഥികളായിരുന്നു അമ്പാടിയും അഭിരാജും. മെക്കാനിക്കല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് അപ്ലയന്‍സസ് കോഴ്‌സ് പഠിച്ച ഇരുവരും ഒരുവര്‍ഷം മുമ്പാണ് പഠിച്ചിറങ്ങിയത്. ചില്ലറ ജോലികള്‍ ചെയ്തുവന്ന ഇരുവര്‍ക്കും കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍ നടന്ന തൊഴില്‍മേളയ്ക്കിടെയാണ് മെച്ചപ്പെട്ട ശമ്പളമുള്ള ജോലി ലഭിച്ചത്. ഇതുകഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടമുണ്ടായത്.

SHARE