ബുള്ളറ്റിന്റെയും ബൈക്കിന്റെയും ഹാന്‍ഡിലുകള്‍ കുടുങ്ങി; യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊച്ചി: ബുള്ളറ്റിന്റെയും ബൈക്കിന്റെയും ഹാന്‍ഡിലുകള്‍ തമ്മില്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. സഹയാത്രികരായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അജിത്ത് ലാല്‍ സോമന്‍ (19) അഖില്‍ ശശി (24) എന്നിവരാണ് മരിച്ചത്. ജിഷാദ് (28), ഹരീഷ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ വൈപ്പിന്‍ മാലിപ്പുറം പാലത്തിന് താഴെ വച്ചായിരുന്നു അപകടം. ഒരേ ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ അപകടത്തില്‍ പെടുകയായിരുന്നു. അമിതവേഗതയിലായിരുന്ന ബുള്ളറ്റും ബൈക്കും ഒപ്പത്തിനൊപ്പം എത്തിയ സമയത്ത് ഹാന്‍ഡിലുകള്‍ തമ്മില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ നിയന്ത്രണം തെറ്റിയ ബുള്ളറ്റും ബൈക്കും റോഡിലേക്ക് മറിഞ്ഞു. റോഡിലൂടെ തെന്നി നീങ്ങിയ വാഹനങ്ങളില്‍ ഒന്ന് വൈദ്യുത പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. ബുള്ളറ്റ് സമീപത്തെ തോട്ടിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

സംഭവസ്ഥലത്ത് പൊലീസെത്തിയാണ് ബുള്ളറ്റ് തോട്ടില്‍ നിന്നും കരക്കെത്തിച്ചത്. ഈ സമയം റോഡില്‍ ആരും ഉണ്ടായിരുന്നില്ല. പിന്നീട് ആ വഴി വന്ന നാട്ടുകാരില്‍ ചിലരാണ് നാലുപേരെയും ആസ്പത്രിയില്‍ എത്തിച്ചത്. അഖില്‍ ശശി സംഭവ സ്ഥലത്തും അജിത്ത്‌ലാല്‍ സോമന്‍ ആസ്പത്രിയിലേക്കുള്ള യാത്രാമദ്ധ്യേയും മരിച്ചു.

ഒരു സ്വകാര്യ വ്യാപാര സ്ഥാപത്തിലെ സെയില്‍സ്മാനായിരുന്ന അജിത്ത് ലാല്‍ ഏതാനും ദിവസം മുമ്പ് ജോലി ഉപേക്ഷിച്ചിരുന്നു. അമ്മയും സഹോദരിയുമുണ്ട്. അഖില്‍ ശശി തൊഴിലാളി യൂണിയന്‍ നേതാവാണ്. ഇരുവരുടെയും മൃതദേഹം എറണാകുളം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.