ഫോണ്‍ സ്വിച്ച് ഓഫ്: ബിനോയ് കൊടിയേരി ഒളിവില്‍

കണ്ണൂര്‍: ബിനോയ് കൊടിയേരിയുടെ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലെന്ന് കണ്ടെത്തി. ലൈംഗികപീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ബിനോയ് ഒളിവിലാണെന്നാണ് വിവരം. കേസില്‍ ഹാജരാവാന്‍ ബിനോയിക്ക് മുംബൈ പൊലീസ് നോട്ടീസ് നല്‍കി. കണ്ണൂര്‍ കൊടിയേരിയിലെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്. ഈ സമയം ബിനോയ് വീട്ടിലുണ്ടായിരുന്നില്ല.

അതേസമയം, കേസില്‍ ബിനോയ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. തിരുവനന്തപുരത്തേതിന് പുറമെ കണ്ണൂരിലെ രണ്ട് മേല്‍വിലാസങ്ങളാണ് യുവതി പരാതിയില്‍ നല്‍കിയിരുന്നത്. ഇന്നലെ കണ്ണൂരിലെത്തിയ മുംബൈ പൊലീസ് സംഘം എസ്പിയുമായി ചര്‍ച്ച ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു. ഓഷിവാര പൊലീസിലെ വിനായക് ജാദവ്, ദയാനന്ദ് പവാര്‍ എന്നീ രണ്ട് എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് എത്തിയത്.

കേസന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തേ ബിനോയ് കോടിയേരിക്ക് പൊലീസ് നോട്ടീസയച്ചിരുന്നു. ഹാജരായില്ലെങ്കില്‍ ബിനോയിയെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും മുംബൈ പൊലീസ് സൂചിപ്പിക്കുന്നു.

അതേസമയം, യുവതിക്കെതിരെ ബിനോയ് നല്‍കിയ പരാതിയില്‍ ഇപ്പോഴും കണ്ണൂര്‍ റേഞ്ച് ഐജി തുടര്‍നടപടി എടുത്തിട്ടില്ല. മുംബൈയില്‍ നടന്ന സംഭവങ്ങളില്‍ കേരളത്തില്‍ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്പി, ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസ് വിവാദമായതോടെ നടപടികള്‍ തുടങ്ങാനാണ് നീക്കം.