ഐഷെ ഘോഷിന്റെ വലതുകയ്യിലെ പ്ലാസ്റ്റര്‍ ഇടതു കയ്യിലെത്തിയെന്ന് ബിജെപി; യാഥാര്‍ത്ഥ്യം ഇങ്ങനെ…

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയവരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കയ്യൊടിഞ്ഞ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിന്റെ പരിക്ക് വ്യാജമെന്ന് ബിജെപി പ്രചാരണം. വലതുകയ്യിലെ പ്ലാസ്റ്റര്‍ ഇടതുകയ്യിലെത്തിയെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. കൂടാതെ പരിക്ക് വ്യാജമാണെന്നുമാണ് ബിജെപിയുടെ വാദം. എന്നാല്‍ പ്രചാരണത്തിന്റെ സത്യാവസ്ഥ ഇങ്ങനെയാണ്.

യഥാര്‍ത്ഥ ചിത്രത്തിന്റെ മിറര്‍ ഇമേജുകൂടി ചേര്‍ത്താണ് ബിജെപിയും സംഘ്പരിവാറും പ്രചാരണങ്ങളൊക്കെ നടത്തുന്നത്. മൊബൈല്‍ ഫോണില്‍പോലും സാധ്യമാകുന്ന എഡിറ്റിങ് സംവിധാനം വഴി ഏതൊരു ചിത്രത്തിന്റെയും മിറര്‍ ഇമേജ് ഉണ്ടാക്കാന്‍ കഴിയും. യഥാര്‍ത്ഥ ചിത്രത്തിന്റെ പ്രതിബിംബമാണ് മിറര്‍ ഇമേജില്‍ പതിയുക. കണ്ണാടിയില്‍ നോക്കുന്ന അതേ അനുഭവമാണ് മിറര്‍ ഇമേജിനും.അതായത്, ഇടതുഭാഗത്തുള്ള വസ്തുവിന്റെ പ്രതിബിംബം കണ്ണാടിയില്‍ എതിര്‍ഭാഗത്ത് പതിയുന്ന പോലെ മിറര്‍ ഇമേജിലും സംഭവിക്കും. ഇടതു കൈ മിറര്‍ ഇമേജില്‍ വലതുഭാഗത്താണ് കാണാനാവുക. നേരെ തിരിച്ചും അങ്ങനെത്തന്നെ. അയ്ഷി ഘോഷിന്റെ ഇടത് കൈയ്യിലാണ് പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നത്. ചിത്രത്തിന്റെ മിറര്‍ ഇമേജില്‍ പ്ലാസ്റ്റര്‍ വലതുഭാഗത്തും. യഥാര്‍ത്ഥ ചിത്രവും എഡിറ്റ് ചെയ്ത ചിത്രവും ചേര്‍ത്തുവെച്ചാണ് ഇപ്പോള്‍ എ.ബി.വി.പി.യും ആര്‍.എസ്.എസും മുറിവ് വ്യാജമാണെന്ന പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്. ആള്‍ട്ട് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്. അതേസമയം, നിരവധി പേരാണ് ബിജെപി നേതാക്കന്‍മാരടക്കം ഷെയര്‍ ചെയ്ത ഈ ചിത്രം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്.

മര്‍ദ്ദനമേറ്റതിന്റെ പിറ്റേന്നു തന്നെ ജെഎന്‍യുവില്‍ സമരമുഖത്തെത്തിയ ഐഷെ ഘോഷിന്റെ സാന്നിധ്യം ദേശീയ തലത്തില്‍ വളരെയേറെ ചര്‍ച്ചയായിരുന്നു. ബോളിവുഡ് നടി ദീപിക പദുക്കോണ്‍ സമരമുഖത്തെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതോടെ ബിജെപിക്ക് അടിപതറുകയായിരുന്നു. തുടര്‍ന്ന് ദീപികയുടെ പുതിയ ചിത്രം ചപാക് ബഹിഷ്‌ക്കരിക്കണമെന്നും സംഘ്പരിവാര്‍ ആഹ്വാനം ചെയ്തിരുന്നു.

SHARE