താരങ്ങള്‍ക്ക് പിന്നാലെ തമിഴ്‌നാട് ബി.ജെ.പി; നമിതയും ഗൗതമിയും നിര്‍വാഹക സമിതിയില്‍

ചെന്നൈ: താരത്തിളക്കത്തില്‍ വിശ്വാസമര്‍പ്പിച്ച് തമിഴ്‌നാട് ബി.ജെ.പിയില്‍ വന്‍ അഴിച്ചു പണി. മുന്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ പക്ഷത്തെ തഴഞ്ഞാണ് അഴിച്ചു പണി നടത്തിയത്. സംസ്ഥാന അദ്ധ്യക്ഷനായി എന്‍ മുരുകന്‍ സ്ഥാനമേറ്റതിന് പിന്നാലെയാണ് താക്കോല്‍സ്ഥാനങ്ങളില്‍ പുനഃസംഘടന നടത്തിയത്.

നടിമാരായ നമിതയെയും ഗൗതമിയെയും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കി. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുക്കുകയും സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതല നല്‍കുകയും ചെയ്തു. നടനും നാടക പ്രവര്‍ത്തകനുമായ എസ്.വി. ശേഖറാണ് പുതിയ ഖജാന്‍ജി.

നടിമാരായ മധുവന്തി അരുണ്‍, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിര്‍വാഹകസമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. കഴിഞ്ഞ നവംബറിലാണ് നമിത ബി.ജെ.പി.യില്‍ ചേര്‍ന്നത്. നമിതയ്‌ക്കൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്ന നടന്‍ രാധാ രവിക്ക് പദവിയില്ല. നടി നയന്‍താരയ്‌ക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തെത്തുടര്‍ന്ന് ഡി.എം.കെ.യില്‍നിന്ന് നീക്കിയതിനുശേഷമാണ് രാധാരവി ബി.ജെ.പി.യില്‍ ചേര്‍ന്നത്.

ലിവിങ് ടുഗദര്‍ ആയി 13 വര്‍ഷം ഒന്നിച്ച് താമസിച്ച നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസനുമായി 2016-ല്‍ പിരിഞ്ഞതിനുശേഷമാണ് ഗൗതമി ബി.ജെ.പി.യുമായി വീണ്ടും അടുത്തത്. വിദ്യാഭാസകാലത്ത് എ.ബി.വി.പി.യില്‍ പ്രവര്‍ത്തിച്ചിരുന്ന ഗൗതമി വര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു.

അണ്ണാ ഡി.എം.കെയില്‍ നിന്ന് ജയലളിത പുറത്താക്കിയ മുന്‍ എം.പി. ശശികല പുഷ്പയെ ബി.ജെ.പി. ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗമായി നിയമിച്ചു. ഡി.എം.കെ.യില്‍ നിന്നെത്തിയ വി.പി. ദുരൈസാമിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കി. ഡി.എം.കെ.യില്‍ ദുരൈസാമി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന നയിനര്‍ നാഗേന്ദ്രനെ വൈസ് പ്രസിഡന്റായി നിയമിച്ചു. ജനറല്‍ സെക്രട്ടറിയായിരുന്ന വാനതി ശ്രീനിവാസനെയും വൈസ് പ്രസിഡന്റാക്കി. വാനതി ശ്രീനിവാസനും അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ടയാളാണ്. പത്ത് വൈസ് പ്രസിഡന്റുമാര്‍, നാല് ജനറല്‍ സെക്രട്ടറിമാര്‍, ഒമ്പത് സെക്രട്ടറിമാര്‍ തുടങ്ങിയ സ്ഥാനങ്ങളിലാണ് പുതിയ നിയമനം നടന്നത്.

അഴിച്ചുപണിയില്‍ മുതിര്‍ന്ന നേതാവ് പൊന്‍രാധാകൃഷ്ണന് കടുത്ത അതൃപ്തിയുള്ളതായാണ് സൂചന. തമിഴിസൈ സൗന്ദര്‍രാജനെ തെലങ്കാന ഗവര്‍ണറായി നിയമിച്ചതിനെ തുടര്‍ന്നാണ് മുതിര്‍ന്ന പല നേതാക്കളെയും മറികടന്ന് പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള എല്‍. മുരുകനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. ഇതിനു പിന്നാലെയാണ് പാര്‍്ട്ടി പുനഃസംഘടിപ്പിച്ചത്.

SHARE