മഹാരാഷ്ട്രയില്‍ ബിജെപിയില്‍ പൊട്ടിത്തെറി; പങ്കജ മുണ്ടെക്കൊപ്പം 12 എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് അടിപതറുന്നു. ബിജെപി നേതാവ് പങ്കജ മുണ്ടെ പാര്‍ട്ടിവിടുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇവര്‍ക്കൊപ്പം 12 എംഎല്‍എമാരും പാര്‍ട്ടി വിടുന്നുവെന്നാണ് വിവരം. അതേസമയം, ശിവസേനയുടെ മുഖപത്രമായ സാംനയില്‍ പങ്കജ മുണ്ടെ ശിവസേനയിലേക്ക് എത്തുമെന്ന സൂചനയും നല്‍കുന്നുണ്ട്.

തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ബി.ജെ.പി നേതാവ് എന്നത് പങ്കജ മുണ്ഡെ നീക്കം ചെയ്തത് ശിവസേനയിലേക്കുള്ള പ്രവേശനം വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ സാഹചര്യം മാറിയതിനാല്‍ തന്റെ നിലപാടിലും മാറ്റമുണ്ടാകുമെന്നും, ഇതുമായി ബന്ധപ്പെട്ടുള്ള അന്തിമ പ്രഖ്യാപനം ഈ മാസം 12ന് നടത്തുമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിയുടെ ധനഞ്ജയ് മുണ്ഡെയോട് പങ്കജ മുണ്ഡെ തോറ്റിരുന്നു. പാര്‍ട്ടിയിലെ തന്നെ ചിലര്‍ എതിരെ പ്രവര്‍ത്തിച്ചതാണ് തോല്‍വിക്ക് കാരണമെന്ന് അവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പങ്കജ മുണ്ടെ പാര്‍ട്ടി വിടുന്നില്ലെന്നാണ് ബിജെപിയുടെ അവകാശവാദം.

അതിനിടെ, പാര്‍ട്ടിയെ വെട്ടിലാക്കി ബിജെപി എംപിയുടെ വെളിപ്പെടുത്തലും നടന്നിരുന്നു. മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ തിരക്കിട്ട സത്യപ്രതിജ്ഞക്കു പിന്നില്‍ 40,000 കോടിയുടെ കേന്ദ്ര ഫണ്ട് തിരിച്ചു നല്‍കലാണെന്ന് ബിജെപി നേതാവും എംപിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞു. 80 മണിക്കൂര്‍ മുഖ്യമന്ത്രിയായി അധികാരത്തിലിരുന്നതിനു ശേഷമായിരുന്നു ഫഡ്‌നാവിസിന്റെ രാജി. ഉത്തര കന്നഡയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഹെഗ്‌ഡെയുടെ പരാമര്‍ശം.

40,000 കോടിയുടെ കേന്ദ്ര ഫണ്ട് തിരികെ കേന്ദ്രത്തിന് കൈമാറുന്നതിന് ഫഡ്‌നവിസിന് 15 മണിക്കൂര്‍ ധാരാളമായിരുന്നു. ഈ തുക സംരക്ഷിക്കുന്നതിന് ബിജെപി നടത്തിയ ഒരു നാടകമായിരുന്നു ഫഡ്‌നവിസിന്റെ സത്യപ്രതിജ്ഞ. ഇല്ലെങ്കില്‍ ഉദ്ധവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അത് ദുരുപയോഗം ചെയ്യുമായിരുന്നുവെന്നും അനന്ത് കുമാര്‍ പറഞ്ഞിരുന്നു.

ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളുടെ സഖ്യമായ മഹാവികാസ് അഘാടിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുങ്ങുമ്പോഴാണ് തിരക്കിട്ട് ഫഡ്‌നവിസ് സത്യപ്രതിജ്ഞ ചെയ്തത്. എന്‍സിപി നേതാവായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നു വ്യക്തമായതിനെ തുടര്‍ന്ന് പിന്നീട് ഇവര്‍ രാജിവെക്കുകയും ചെയ്തു. അതിനു ശേഷമാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം, ഇത് നിഷേധിച്ച് ഫ്ഡനാവിസ് രംഗത്തുവന്നു. മുഖ്യമന്ത്രിയായിരുന്നുകൊണ്ട് അത്തരത്തിലുള്ള പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മറിച്ചുള്ളതെല്ലാം തെറ്റാണെന്നും ഫഡ്‌നാവിസ് പ്രതികരിച്ചു.

SHARE