കഠ്‌വ കൊലപാതകം മാന്യമായി റിപ്പോര്‍ട്ടു ചെയ്യണം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ബുഖാരിയുടെ ഗതി വരും ; കശ്മീരിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വധഭീക്ഷണിയുമായി ബി.ജെ.പി മുന്‍മന്ത്രി

ശ്രീനഗര്‍: കഠ്‌വ കൊലപാതകകേസ്സില്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും ഇത്തരം അതിരുകടന്ന റിപ്പോര്‍്ട്ടുകള്‍ വന്നാല്‍ കശ്മീരി മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊലപ്പെട്ട ബുഖാരിയുടെ ഗതിവരുമെന്ന ഭീക്ഷണിയുമായി ജമ്മുകാശ്മീരിലെ ബി.ജെ.പി മുന്‍മന്ത്രിയും എം.എല്‍.എയുമായ ലാല്‍ സിങ് രംഗത്ത്. കശ്മീരില്‍ മെഹബൂബ മുഫ്തി സര്‍ക്കാരുമായുള്ള സഖ്യം ബി.ജെ.പി വിട്ടതിന് പിന്നാലെയാണ് വിവാദ പ്രസ്ഥാവനയുമായി മെഹബൂബ മുഫ്തി മന്ത്രിസഭയിലെ മുന്‍ വനംവകുപ്പ് മന്ത്രിയായ ലാല്‍ സിങ് രംഗത്തെത്തിയത്.

കഠ്‌വ വിഷയത്തില്‍ തെറ്റായ രീതിയിലാണ് കാശ്മീരിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ഇതാണ് സംസ്ഥാനത്തിന്റെ നില ഇത്രയും അധികം മോശമാവാന്‍ കാരണം. കശ്മീരി മാധ്യമ പ്രവര്‍ത്തകരോട് ഇപ്പോള്‍ ഞാനൊരു കാര്യം പറഞ്ഞുതരാം. നിങ്ങള്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ചും നിങ്ങള്‍ എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചും ഞാന്‍ ഒരു വര വരയ്ക്കുകയാണ്. ഈ വര കടന്നാല്‍ നിങ്ങള്‍ക്ക് ഷുജാത് ബുഖാരിയുടെ ഗതി വരും. അത്തരമൊരു സാഹചര്യം ഉയര്‍ന്നുവരുന്നുണ്ടോ ? ബഷാറത്തിന് സംഭവിച്ചത് എന്താണ് എന്ന് നിങ്ങള്‍ കണ്ടതല്ലേ, അതുപോലെ നിങ്ങളുടെ ജീവിതത്തിലും സംഭവിക്കണോ ? ലാല്‍ സിങ് പറഞ്ഞു

തീവ്രവാദികളെ സഹായിക്കുന്ന രീതിയാണ് മെഹബൂബയുടേത്. കണ്ണീര്‍ ഒഴുക്കിയാണ് മെഹബൂബ രാഷ്ട്രീയത്തിലേക്ക് കടന്ന് വന്നത്. പി.ഡി.പി നേതാക്കളെല്ലാം വിഘടനവാദികളെ പിന്തുണയ്ക്കുന്നവരാണ്. അവരുടെ പിന്തുണ കൊണ്ടാണ് മെഹബൂബ രാഷ്ട്രീയത്തില്‍ ഉയര്‍ന്നത്. കശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സര്‍ക്കാരാണ് മെഹബൂബയുടേത്. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് ബിജെപി സഖ്യം വിട്ടതെന്നും രാജിവെച്ച മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കടന്നാക്രമിച്ചുകൊണ്ട് ലാല്‍ സിങ് പറഞ്ഞു.

കഠ്‌വ കൂട്ടബലാത്സംഗത്തിലെ പ്രതികളെ പിന്തുണച്ച് റാലി നടത്തിയപ്പോള്‍ അതില്‍ പങ്കെടുത്ത് സംസാരിച്ച ബി.ജെ.പി എം.എല്‍.എയാണ് ലാല്‍ സിങ് സംഭവത്തില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ ജൂണ്‍ 14 നാണ് റൈസിങ് കശ്മീരിന്റെ എഡിറ്ററായ ഷുജാത് ബുഖാരി ഓഫീസിന് പുറത്ത് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഷുജാത് ബുഖാരിയുടെ സഹോദരനാണ് പി.ഡി.പി-ബി.ജെ.പി സര്‍ക്കാരിന്റെ നിയമ-പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്നു ബഷാറത്ത് ബുഖാരി. ബി.ജെ.പി സഖ്യം പിന്‍വലിക്കുകയും സംസ്ഥാനം ഗവര്‍ണറുടെ ഭരണത്തിന് കീഴിലാകുകയും ചെയ്തതോടെ ബഷാറത്തിന് മന്ത്രി സ്ഥാനം നഷ്ടമായി.

ലാല്‍സിങിന്റെ പ്രസ്താവനയ്ക്ക് എതിരെ വന്‍ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്. ലാല്‍ സിങിന്റെ പ്രസ്താവനയെ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ശക്തമായ രീതിയില്‍ വിമര്‍ശിച്ചു. ഷുജാത് ബുഖാരിയുടെ കൊലപാതകത്തെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനുള്ള ഉപകരണമായി ഗുണ്ടകള്‍ ഉപയോഗിക്കുകയാണെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. അതേസമയം വിവാദ പ്രസ്താവനയെ ബിജെപി തള്ളിപ്പറഞ്ഞിട്ടില്ല.