ബി.ജെ.പി എം.പിയുടെ മകന്‍ മദ്യപിച്ച് അമിത വേഗതയില്‍ വണ്ടിയോടിച്ച് മതിലിലിടിച്ചു; നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് എം.പി

കൊല്‍ക്കത്ത: ബി.ജെ.പി എം.പി രൂപ ഗാംഗുലിയുടെ മകന്‍ മദ്യപിച്ച് കാര്‍ ഓടിച്ച് അപകടത്തില്‍ പെട്ടു. വ്യാഴാഴ്ച രാത്രി സൗത്ത് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗാര്‍ഡനില്‍ എം.പിയുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപമായിരുന്നു അപകടം. അമിത വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ടത് കണ്ട യാത്രക്കാര്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി.

അമിത വേഗത്തിലെത്തിയ കാര്‍ മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. സംഭവ സമയത്ത് റോഡില്‍ നിരവധി ആളുകളുണ്ടായിരുന്നെങ്കിലും ഒഴിഞ്ഞു മാറിയതിനാല്‍ ആര്‍ക്കും പരിക്കില്ല. ആകാശ് മദ്യലഹരിയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് കാറിനുള്ളില്‍ നിന്ന് ഇറങ്ങാന്‍ കഴിയാതിരുന്ന ആകാശിനെ പിതാവു വന്നാണ് പുറത്തെടുത്തത്.

മകന്റെ വാഹനം അപകടത്തില്‍ പെട്ട സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മാതാവും എം.പിയുമായ രൂപ ഗാംഗുലി പറഞ്ഞു.