കര്‍ണാടക തെരഞ്ഞെടുപ്പ്: അഴിമതിക്കറ പുരണ്ടവര്‍ക്ക് സീറ്റ് നല്‍കി ബി.ജെ.പി

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴിമതിക്കറ പുരണ്ടവര്‍ക്ക് സീറ്റ് നല്‍കി ബി.ജെ.പി നേതൃത്വം. റെഡ്ഡി കുടുംബത്തിലെ ഗാലി സോമശേഖര റെഡ്ഡിക്കാണ് സീറ്റു നല്‍കിയത്.

ബെല്ലാരി മണ്ഡലത്തിലാണ് ഖനി രാജാക്കന്മാരായ റെഡ്ഡി സഹോദരന്മാരില്‍ ഇളവനായ സോമശേഖര റെഡ്ഡിക്ക് നല്‍കിയത്. സഹോദരന്‍ ഗാലി ജനാര്‍ദ്ദന റെഡ്ഡിക്ക് ജാമ്യം ലഭിക്കുന്നതിന് ജഡ്ജിക്ക് കൈക്കൂലി നല്‍കിയ കേസിലെ പ്രതിയാണ് സോമശേഖര റെഡ്ഡി.
ബെല്ലാരിയില്‍ പാര്‍ട്ടിയുടെ വിജയത്തിന് പാര്‍ട്ടിക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവന്നുവെന്ന് പറഞ്ഞ് ബി.ജെ.പി വക്താവ് വിവേക് റെഡ്ഡി സീറ്റു നല്‍കിയതിനെ ന്യായീകരിച്ചു.

ബി.എസ് യെദ്യൂരപ്പ മന്ത്രിസഭയില്‍ അംഗമായ ഗാലി ജനാര്‍ദ്ദന്‍ റെഡ്ഡി. 2011ലെ നിയമവിരുദ്ധ ഖനനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിനെത്തുടര്‍ന്ന് റെഡ്ഡിയെ പുറത്താക്കിയിരുന്നു. ഈ കേസില്‍ ജനാര്‍ദ്ദന റെഡ്ഡിക്ക് ജാമ്യം ലഭിക്കുന്നതിനാണ് സോമശേഖര റെഡ്ഡി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്.

ബി.എസ് യെദ്യൂരപ്പക്കൊപ്പം ഭൂമി കുംഭകോണക്കേസില്‍ ആരോപണവിധേയനായ കൃഷ്ണയ്യയും ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. അതേസമയം, അഴിമതി-ക്രിമിനല്‍ കേസുകളില്‍ പ്രതിയായവര്‍ക്ക് ടിക്കറ്റ് നല്‍കിയ ബി.ജെ.പി നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു.