ഭീകരവാദ ഫണ്ടിങ് കമ്പനിയില്‍ നിന്നും ബി.ജെ.പി കോടികള്‍ കൈപ്പറ്റിയതായി തെരഞ്ഞെടുപ്പ് രേഖ

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം’ നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയ കമ്പനിയില്‍ നിന്നും ബിജെപി കോടികള്‍ സംഭാവന സ്വീകരിച്ചതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകളിലില്‍ നിന്നും ഇക്കാര്യം വ്യക്തമായതായ റിപ്പോര്‍ട്ട് ‘ദി വയര്‍’ ആണ് പുറത്തുവിട്ടത്.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കി എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ ആര്‍.കെ.ഡബ്ല്യു ഡെവലപ്പേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നാണ് ബി.ജെ.പി ഫണ്ട് കൈപ്പറ്റിയതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ധവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡുമായി ചേര്‍ന്ന് ആര്‍.കെ.ഡബ്ല്യു 10 കോടി രൂപ ബി.ജെ.പിക്ക് 2014-15 വര്‍ഷത്തില്‍ നല്‍കിയതായാണ് രേഖ.

1993 ലെ മുംബൈ സ്‌ഫോടനത്തിലെ പ്രതിയും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയുമായ അന്തരിച്ച ഇഖ്ബാല്‍ മേമന്‍ എന്ന ഇഖ്ബാല്‍ മിര്‍ച്ചിയുമായി സാമ്പത്തിക ഇടപാട് നടത്തിയതിന്റെ പേരില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണം നേരിടുന്ന കമ്പനിയാണ് ആര്‍.കെ.ഡബ്ല്യു ഡെവലപ്പേഴ്‌സ് ലിമിറ്റഡ്്. ഇവരില്‍ നിന്നാണ് ബി.ജെ.പി തുക കൈപ്പറ്റിയത്. വിവിധ കോര്‍പറേറ്റുകളില്‍നിന്നും ബി.ജെ.പി ഫണ്ട് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒരൊറ്റ കമ്പനിയില്‍ നിന്ന് ഇത്രയും കൂടുതല്‍ തുക കൈപ്പറ്റുന്നത് വിവാദ കമ്പനിയില്‍ നിന്നാണെന്നും ‘ദി വയര്‍ ഡോട് കോം’ റിപ്പോര്‍ട്ട് ചെയ്യുന്നു.

2014-15 ല്‍ ബി.ജെ.പിക്ക് സ്‌കില്‍ റിയല്‍റ്റേഴ്‌സില്‍ നിന്ന് രണ്ട് കോടി രൂപ സംഭാവന ലഭിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കില്‍ ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍.കെ.ഡബ്ല്യു ഡെവലപ്പേഴ്‌സിന്റെ ഡയറക്ടറായ പ്ലാസിഡ് ജേക്കബ് നരോണ്‍ഹ, ദര്‍ശന്‍ ഡെവലപ്പര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍ കൂടിയാണ്. 2016-17 വര്‍ഷത്തില്‍ 7.5 കോടി രൂപയാണ് ഇവര്‍ ബി.ജെ.പിക്ക് സംഭാവനയായി നല്‍കിയത്. ഇതും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വെച്ച ഫയലില്‍ പാര്‍ട്ടി സൂചിപ്പിച്ചിട്ടുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടത്തിയ അന്വേഷണത്തില്‍ ഇക്ബാല്‍ മിര്‍ച്ചിയുമായി ഇടപാടുകള്‍ നടത്തിയതിലും സ്വത്തുക്കള്‍ വാങ്ങിയതിലും ആര്‍.കെ.ഡബ്ല്യു ഡെവലപ്പേഴ്‌സ് ലിമിറ്റഡിന്റെ പങ്ക് വ്യക്തമായിരുന്നു.

അധോലോകത്തിന് വേണ്ടി ഇടപാടുകള്‍ നടത്തിയതിന്റെ പേരില്‍ ഈ കമ്പനിയുടെ മുന്‍ ഡയറക്ടറായ രഞ്ജിത് ബിന്ദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തിരുന്നു.

വിവാദ സംഭനത്തിലെ മറ്റൊരു ഭീകരമായ വശം ക്യുന്റും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അന്വേഷണത്തിലിരിക്കുന്ന 4,355 കോടി രൂപയുടെ പിഎംസി ബാങ്ക് അഴിമതി(പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി)യുമായി ബന്ധപ്പെട്ട് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷിക്കുന്ന അതേ കുടുംബമാണ് വിവാദ കമ്പിനിക്ക് പിന്നിലുള്ള ആര്‍കെഡബ്ല്യു, ഡിഎച്ച്എഫ്എല്‍ എന്നിവയുടെ പ്രൊമോട്ടര്‍മാരായ വാധവന്‍ കുടുംബം എന്നാണ് റിപ്പോര്‍ട്ട്.