Connect with us

Video Stories

കള്ളപ്പണവും നികുതി വെട്ടിപ്പും: ഒരു സാധാരണ പൗരന്റെ ചിന്തകൾ

Published

on

നജീബ് മൂടാടി

കള്ളപ്പണം എന്നാൽ കൊള്ളയടിച്ചോ പിടിച്ചു പറിച്ചോ മയക്കുമരുന്നു വിറ്റോ ഒന്നും ഉണ്ടാക്കി കൂട്ടിവെക്കുന്ന പണമല്ല. സാധാരണക്കാരൻ കള്ളപ്പണം കൊണ്ട് ഇടപാട് നടത്തേണ്ടി വരുന്നത് പലപ്പോഴും ഇവിടത്തെ നികുതി ഇടപാടുകളുടെയും നിയമ പ്രശ്നങ്ങളുടെയും ഒക്കെ സങ്കീർണത മൂലമാണ്. നികുതി വെട്ടിക്കണം എന്ന് ആഗ്രഹം ഇല്ലെങ്കിലും പലപ്പോഴും നിലവിലുള്ള സിസ്റ്റത്തിന്റെ ഭാഗമായി അങ്ങനെ ആയിത്തീരുകയാണ് പലരും.

എങ്കിലും നികുതി കൊടുക്കുക എന്നത് തൃപ്തിയോടെ കാണുന്നവരല്ല ഏറെയും. എന്ത് കൊണ്ടാണ് സർക്കാരിന് കൊടുക്കേണ്ട നികുതി ഏതു വിധേനെയെങ്കിലും കൊടുക്കാതിരിക്കാനും വെട്ടിക്കാനും പലരും ഉത്സാഹിക്കുന്നത്? ഒരു ലക്ഷം രൂപ നികുതി വെട്ടിക്കാൻ സകല തന്ത്രവും പയറ്റുന്ന കച്ചവടക്കാരൻ തന്നെ ഒരു പാവപ്പെട്ടവന് വീട് വെക്കാൻ യാതൊരു മടിയും കാണിക്കാതെ രണ്ടോ മൂന്നോ ലക്ഷം രൂപ നൽകുന്നത് കാണാം. വലതു കൈ കൊടുക്കുന്നത് ഇടതു കൈ പോലും അറിയാതെ ഇങ്ങനെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പോലും നികുതി കൃത്യമായി നൽകാൻ മടിയാണ്. നികുതി നൽകുന്നതിലൂടെ സ്റ്റേറ്റിന്റെ വികസനവും പാവപ്പെട്ടവന്റെ ഉന്നമനവും ഒക്കെയാണ് നേട്ടം എന്ന് ബോധ്യപ്പെടുത്താൻ ഭരണ കൂടത്തിനോ സംവിധാനങ്ങൾക്കോ കഴിയുന്നില്ല എന്നതല്ലേ ഇതിനു കാരണം.

ടാറു ചെയ്തു കുറച്ചു നാൾ കൊണ്ട് തന്നെ പൊട്ടിപ്പൊളിഞ്ഞ നിരത്തിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന, മെഡിക്കൽ കോളേജിൽ ലക്ഷങ്ങൾ ചെലവാക്കി വാങ്ങിയ യന്ത്രങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു എന്ന വാർത്ത വായിക്കേണ്ടി വരുന്ന, ആദിവാസി വികസനത്തിന്റെ പേരിൽ കോടികൾ മുക്കുന്നത് നേരിൽ കാണുന്ന, പാവപ്പെട്ടവൻ തെരുവിലും പുറമ്പോക്കിലും ഇന്നും കഴിയുന്നത് കണ്മുന്നിലുള്ള ഒരു രാഷ്ട്രത്തിൽ, തങ്ങൾ നൽകുന്ന നികുതിപ്പണം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൊള്ളയടിക്കുകയാണ് എന്ന ധാരണ പൗരന്മാരിൽ ഉറച്ചു പോയതിൽ അത്ഭുതമുണ്ടോ?

ജനപ്രതിനിധികൾ രാജാക്കന്മാരെ പോലെ പെരുമാറുകയും പ്രജകൾ ഓച്ഛാനിച്ചു നിൽക്കേണ്ടവർ ആകുകയും ചെയ്യുന്ന ഒരു രാജ്യത്ത്‌, വികസനത്തെ കുറിച്ചുള്ള സ്വപ്നങ്ങൾക്കും കാഴ്ചപ്പാടുകൾക്കും പകരം വർഗ്ഗീയത പറഞ്ഞും എതിർ സ്ഥാനാർത്ഥിയുടെ കിടപ്പറ രഹസ്യങ്ങൾ വിളമ്പിയും വോട്ടു പിടിക്കുന്ന ഒരു രാജ്യത്ത്‌ സ്റ്റേറ്റിന്റെ കടമ എന്താണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ആരെങ്കിലും മെനക്കെടുന്നുണ്ടോ? ഒരു കക്കൂസുണ്ടാക്കി കൊടുത്താൽ പോലും തറവാട്ട് സ്വത്തിൽ നിന്നും എടുത്തു കൊടുത്ത ഭാവത്തിൽ ഫ്ലക്സടിച്ചു തൂക്കുന്ന പഞ്ചായത്തു മെമ്പർ മുതൽ കേന്ദ്രമന്ത്രി വരെയുള്ള ജനപ്രതിനിധികളും, തങ്ങളുടെ നേതാക്കൾ ചെയ്യുന്നതൊക്കെ ശരിയാണ് എന്ന് ശഠിക്കുകയും എതിർ പാർട്ടിക്കാരനെ ആജന്മ ശത്രുവായി കാണുന്ന അണികളും ഉള്ള നാട്ടിൽ സർക്കാരും പൊതുജനവും പരസ്പര വിശ്വാസമില്ലാതെ പോകുന്നതിൽ അത്ഭുതമുണ്ടോ?

തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ചാക്കു കണക്കിന് കള്ളപ്പണം എത്തുന്ന, ഓരോ തെരഞ്ഞെടുപ്പിലും കയ്യിലുള്ള സ്വത്ത് ഇരട്ടിച്ചത് സത്യവാങ്മൂലം നൽകുന്ന രാഷ്ട്രീയക്കാർ ഉള്ള, രാഷ്ട്രീയക്കാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വിദേശങ്ങളിൽ പോലും നിക്ഷേപങ്ങൾ ഉണ്ടെന്നു നാട്ടിൽ പാട്ടാകുന്ന ഒരു നാട്ടിൽ കൃത്യമായി നികുതി കൊടുക്കുന്ന ഉത്തമ പൗരനെ ഭൂലോക വിഡ്ഢിയായി സമൂഹം വിലയിരുത്തുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ടെങ്കിൽ ആരാണ് ഉത്തരവാദി?

രാജ്യത്തിന്റെ പുരോഗതി തന്റെ കൂടെ പുരോഗതിയാണ് എന്ന് ഓരോ പൗരനും ബോധ്യപ്പെടും വിധം കാഴ്ചപ്പാടും ആർജ്ജവവും ഉള്ളൊരു ഭരണകൂടം നമുക്ക് ഉണ്ടായിട്ടുണ്ടോ. മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും ഒക്കെ പേരിൽ ചില വിഭാഗങ്ങളുടെ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയും ഭരണകൂടത്തിനു താല്പര്യം ഉള്ളവർക്ക് വാരിക്കോരി കൊടുക്കുകയും ചെയ്യുന്ന ഒരു സിസ്റ്റമാണ് നമ്മുടേത് എന്നൊരാൾ കരുതിയാൽ അയാളെ കുറ്റപ്പെടുത്താൻ കഴിയുമോ?

ജനസേവനം എന്നതിൽ നിന്ന് മാറി തനിക്കും തന്റെ തലമുറകൾക്കും സമ്പാദ്യമുണ്ടാക്കുവാനും അധികാരം കൊണ്ട് സകലരെയും വിറപ്പിക്കുവാനും ഉള്ള എളുപ്പവഴിയായി രാഷ്ട്രീയത്തെ ആക്കിത്തീർത്ത രാഷ്ട്രീയക്കാരും കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിമാർ ആയ ഉദ്യോഗസ്ഥരും നടത്തുന്ന അഴിമതികൾ നാട്ടു നടപ്പായി മാറിയ ഒരു രാജ്യത്ത് പ്രജകൾ മാത്രം നല്ലവരായി തീരുമോ?

എങ്ങനെയെങ്കിലും അവനവൻ പരമാവധി സമ്പാദിച്ചു വെച്ചാലേ ഭാവിയിൽ തങ്ങൾക്കും മക്കൾക്കും ഉപകരിക്കൂ എന്ന ബോധമാണ് മനുഷ്യരെ ഒടുങ്ങാത്ത ധനാസക്തരാക്കുന്നത്. എല്ലാ പൗരന്മാർക്കും അന്തസ്സോടെയുള്ള ജീവിതം ഉറപ്പുവരുത്താൻ, പാർപ്പിടവും ഭക്ഷണവും വിദ്യാഭ്യാസവും നൽകാൻ , വാർധക്യത്തിൽ സംരക്ഷണം ഒരുക്കാൻ ഒക്കെയും സ്റ്റേറ്റിനു സാധ്യമാവും എന്ന് ജനങ്ങൾക്ക് വിശ്വാസം ഉണ്ടായാലേ കള്ളപ്പണവും നികുതിവെട്ടിപ്പും ഒക്കെ ഇല്ലാതാവൂ.

ജനപ്രതിനിധികൾ ആയാലും ജനസേവകർ ആയാലും തങ്ങളുടെ പ്രവർത്തനങ്ങൾ രാഷ്ട്രത്തിന്റെയും പൗരന്മാരുടെയും നന്മക്കു വേണ്ടിയാണ് എന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടാൽ, പൗരന്മാരിൽ നിന്നും പിരിക്കുന്ന നികുതിപ്പണം കൊണ്ട് നടത്തുന്ന വികസനങ്ങൾ ഏറ്റവും സാധാരണക്കാരന് പോലും ഉപകരിക്കുന്നു എന്ന നില വന്നാൽ സ്വാഭാവികമായും കള്ളപ്പണവും നികുതിവെട്ടിപ്പുമൊക്കെ നിലക്കും.

ഭരണത്തിലേക്കുള്ള എളുപ്പവഴി മതവും ജാതിയും ദേശവും ഭാഷയും പറഞ്ഞു മനുഷ്യരെ തല്ലിക്കലാണ് എന്ന് കരുതുന്ന രാഷ്ട്രീയക്കാരും അവരുടെ പിണിയാളുകളായ ഉദ്യോഗസ്ഥരും ഏറി വരുന്നൊരു കാലത്ത്‌ ഇതൊക്കെ മനോഹരമായ നടക്കാത്ത സ്വപ്‌നങ്ങൾ മാത്രം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending