കള്ളവോട്ടില്‍ കുരുങ്ങി കൂടുതല്‍ പേര്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുടെ പൗത്രിയും വിചാരണക്ക് ഹാജരാകാന്‍ 400 പേര്‍ക്ക് നോട്ടീസ്കണ്ണൂര്‍: കള്ളവോട്ടുമായി ബന്ധപ്പെട്ട് നിയമപോരാട്ടം ശക്തമാക്കി യുഡിഎഫ്. ദൃശ്യം തെളിവായി നല്‍കിയ പരാതിയില്‍ കുടുങ്ങി മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുടെ പൗത്രിയും. 400 പേര്‍ക്ക് ജില്ലാ വരണാധികാരി നോട്ടീസ് നല്‍കി.
കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന കള്ളവോട്ടുമായി ബന്ധപ്പെട്ട് യുഡിഎഫ് പരാതിയിലാണ് ജില്ലാ കലക്ടര്‍ നടപടി തുടങ്ങിയത്. കള്ളവോട്ട് ചെയ്തതുമായി ബന്ധപ്പെട്ട് 199 പേര്‍ക്കെതിരെ നോട്ടീസ് അയച്ച് വിശദീകരണം തേടാനാണ് കലക്ടറുടെ തീരുമാനം. വോട്ടവകാശം നിഷേധിക്കപ്പെട്ടവരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 400 പേരെ വിചാരണ നടത്തി തെളിവെടുക്കാനാണ് ആലോചന. ഇവര്‍ക്കും നോട്ടീസ് നല്‍കും. ധര്‍മ്മടം മണ്ഡലത്തിലെ 22 പേര്‍ക്ക് നോട്ടീസ് അയച്ചുകഴിഞ്ഞതായാണ് വിവരം. ഇവരില്‍ ഒരാളായ കെ സായൂജിനെതിരെ പൊലീസ് കേസെടുത്തു. പേരാവൂര്‍ നിയമസഭാ മണ്ഡലത്തിലെ 350 പേര്‍ക്കും തളിപ്പറമ്പ് മണ്ഡലത്തിലെ 77 പേര്‍ക്കും മട്ടന്നൂര്‍ മണ്ഡലത്തിലെ 65 പേര്‍ക്കുമെതിരെ നടപടിയുണ്ടാകും. ധര്‍മ്മടത്ത് കള്ളവോട്ട് ആരോപണത്തില്‍ പെട്ട 16 കാരിയോട് നാളെ കലക്ടറുടെ ചേംബറിലെത്തി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്റെ പൗത്രിയാണ് പെണ്‍കുട്ടി. വേങ്ങാട് പഞ്ചായത്തിലെ 46-ാം നമ്പര്‍ ബൂത്തില്‍ 1049-ാം നമ്പര്‍ വോട്ടറായ വിസ്മയ മനോഹരന്റെ വോട്ട് പി ബാലന്റെ ബന്ധുവായ പെണ്‍കുട്ടി ചെയ്‌തെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ ചീഫ് ഏജന്റ് കെ സുരേന്ദ്രന്‍ ദൃശ്യങ്ങള്‍ സഹിതം നല്‍കിയ പരാതി.
ഇതിന് പുറമെ മംഗളുരുവില്‍ താമസിക്കുന്ന 56-ാം നമ്പര്‍ ബൂത്തിലെ 1224-ാം നമ്പര്‍ വോട്ടര്‍ കെ വിദ്യയുടെ വോട്ട് അഞ്ജനയെന്ന മറ്റൊരാള്‍ ചെയ്തതായി വീഡിയോ പരിശോധനയില്‍ വ്യക്തമായിരുന്നു. 14ന് രാവിലെ അഞ്ജനയോടും ഹാജരാകാന്‍ ജില്ലാ വരണാധികാരി ആവശ്യപ്പെട്ടിട്ടുണ്ട്.
വര്‍ഷങ്ങളായി ഗുജറാത്തില്‍ താമസിക്കുന്ന എന്‍കെ മുഹമ്മദിന്റെയും അബ്ദുല്‍ അസീസിന്റെയും വോട്ടുകള്‍ ആളുമാറി ചെയ്തതായും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. 56-ാം നമ്പര്‍ ബൂത്തില്‍ 188-ാം നമ്പര്‍ വോട്ടറായ മുഹമ്മദിന്റെ വോട്ട് 63-ാം നമ്പര്‍ ബൂത്തിലെ 23-ാം നമ്പര്‍ വോട്ടര്‍ രഞ്ജിത്താണ് ചെയ്തതെന്നും കണ്ടെത്തിയിരുന്നു. 56-ാം നമ്പര്‍ ബൂത്തിലെ 191-ാം നമ്പര്‍ വോട്ടറായ അബ്ദുല്‍ അസീസിന്റെ വോട്ട് 78-ാം നമ്പര്‍ വോട്ടര്‍ അസീസാണ് ചെയ്തത്. ഇവര്‍ക്കും കലക്ടര്‍ നോട്ടീസ് നല്‍കി. തളിപ്പറമ്പ് മണ്ഡലത്തില്‍ പെട്ട 77 പേരില്‍ 17 പേര്‍ സ്ത്രീകളാണ്. വീഡിയോ ദൃശ്യങ്ങളുടെ പരിശോധനയില്‍ തിരിച്ചറിഞ്ഞവര്‍ക്കാണ് നോട്ടീസ് അയക്കുന്നത്. സിപിഎം കേന്ദ്രങ്ങളില്‍ നടന്ന കള്ളവോട്ടുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് സൂചന.

SHARE