പശ്ചിമ ബംഗാളില്‍ പച്ചക്കറി ചന്തയില്‍ സ്‌ഫോടനം: എട്ടുവയസുകാരന്‍ മരിച്ചു

ഡംഡം(പശ്ചിമ ബംഗാള്‍): കൊല്‍ക്കത്തയുടെ വടക്കന്‍ മേഖലയിലെ പച്ചക്കറി ചന്തയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുവയസുകാരന്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഡംഡം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാസിപുരയിലെ ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടക്ക് മുന്നിലാണ് രാവിലെ ഒമ്പത് മണിയോടെ സ്‌ഫോടനമുണ്ടായത്.

സമീപത്തെ കടകളും ചന്തയിലെ നടപ്പാതയും സ്‌ഫോടനത്തില്‍ ഭാഗികമായി തകര്‍ന്നു. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

അതിനിടെ സ്‌ഫോടനം തന്നെ ലക്ഷ്യം വെച്ചായിരുന്നുവെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സൗത്ത് ഡംഡം മുന്‍സിപ്പാലിറ്റി ചെയര്‍മാനുമായ പഞ്ചുഗോപാല്‍ രംഗത്തെത്തി. സ്‌ഫോടനത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

SHARE