രക്ഷാപ്രവര്‍ത്തനത്തിനിടെ പാറ ഇളകി; കുട്ടി കുഴല്‍കിണറില്‍ ആഴത്തിലേക്ക് വീണു

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതോടെ കുട്ടി വീണ്ടും താഴ്ച്ചയിലേക്ക് പതിച്ചു. 25 അടി താഴ്ച്ചയില്‍ കിടന്ന രണ്ടര വയസുകാരന്‍ ഇപ്പോള്‍ 65 അടി താഴ്ചയിലേയ്ക്കാണ് വീണിരിക്കുന്നത്. ഇതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനം ദുസ്സഹമായതോടെ കുട്ടിയെ രക്ഷിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിരിക്കുകയാണ്. നേരത്തെ 25 അടി താഴ്ചയിലായിരുന്നു കുട്ടി കിടന്നിരുന്നത്. തുടര്‍ന്ന് സമാന്തരമായി ഒരു കിണര്‍ കൂടി കുഴിച്ച് രക്ഷപ്പെടുത്താമെന്നായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ കിണറുണ്ടാക്കാനുള്ള ശ്രമത്തിനിടെ പാറയില്‍ ഇളക്കം തട്ടുകയായിരുന്നു. പിന്നാലെയാണ് കുട്ടി കൂടുതല്‍ താഴ്ചയിലേയ്ക്ക് വീണത്.

68 അടി താഴ്ചയില്‍ രണ്ട് കൈകളും മുകളിലേക്ക് ഉയര്‍ത്തിയ നിലയിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് വീടിന് സമീപം കളിക്കുകയായിരുന്ന രണ്ടര വയസുകാരന്‍ സുജിത് വില്‍സണ്‍ കുഴല്‍ കിണറിലേക്ക് കാല്‍ വഴുതി വീണത്. മൂന്ന് ദിവസമായി ശുചീകരണത്തിനായി കുഴല്‍ കിണര്‍ തുറന്നുവെച്ചിരിക്കുകയായിരുന്നു.

SHARE