ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ ബഹിഷ്‌കരിക്കണം: ബി.സി.സി.ഐ

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ വരുന്ന ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് പാകിസ്ഥാനെ വിലക്കണമെന്ന ആവശ്യവുമായി ബി.സി.സി.ഐ രംഗത്ത്. ഇതു സംബന്ധിച്ച കത്ത് ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് (ഐ.സി.സി) കൈമാറിയതായാണ് റിപ്പോര്‍ട്ട്.
സുപ്രീംകോടതി നിയോഗിച്ച ബി.സി.സി.ഐയുടെ ഭരണസമിതി ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹറിന് വിലക്കും ബഹിഷ്‌കരണവും സംബന്ധിച്ച് പരാതി നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അല്ലാത്ത പക്ഷം ഇന്ത്യ ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടതായാണ് വാര്‍ത്ത.
്അതേസമയം കത്തയച്ചതായോ ലോകകപ്പ് സംബന്ധിച്ച് എന്തെങ്കിലും തീരുമാനം കൈകൊണ്ടതായോ ചെയര്‍മാന്‍ വിനോദ് റായിയോ സി.ഇ.ഒ രാഹുല്‍ ജോഹരിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ബി.സി.സി.ഐയുടെ ഭാഗത്ത് നിന്ന് കത്ത് ലഭിച്ചതായോ പരസ്പരം ആശയവിനിമയം നടത്തിയതായോ ഐ.സി.സിയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
എന്നാല്‍ ബി.സി.സി.ഐ ഇത്തരമൊരു കടുത്ത നീക്കത്തിന് മുതിര്‍ന്നേക്കില്ലെന്നും അഭ്യൂഹമുണ്ട്. ബി.സി.സി.ഐയില്‍ ഇതു സംബന്ധിച്ച് അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല.
നേരത്തെ പാകിസ്ഥാനുമായുള്ള ലോകകപ്പ് മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് മുന്‍ താരങ്ങളായ സൗരവ് ഗാംഗുലിയും ഹര്‍ഭജന്‍ സിങ്ങും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ രാജ്യങ്ങള്‍ തമ്മില്‍ രാഷ്ട്രീയ ശത്രുത നിലനില്‍ക്കുമ്പോള്‍ തന്നെ ലോകകപ്പിലും ഒളിമ്പിക്‌സിലും ഒരുമിച്ചു കളിക്കുന്ന സാഹചര്യം ഉണ്ട്. ഇതാണ് ഇന്ത്യാ പാക് മത്സരത്തെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്ന ന്യായവാദം.

SHARE