Connect with us

Sports

മലവെള്ളപ്പാച്ചിലിനെ മുറം കൊണ്ട് തടുക്കാനാവില്ല

Published

on

 

ബ്രസീല്‍ 2 കോസ്റ്ററിക്ക 0

 

മുഹമ്മദ് ഷാഫി
മാച്ച് റിവ്യൂ

കോസ്റ്ററിക്കയുടെ പ്രതിലോമ ഫുട്‌ബോളിനെ പ്രതിഭ കൊണ്ടും അത്യധ്വാനം കൊണ്ടും മറികടന്ന് ബ്രസീല്‍ നേടിയ വിജയത്തില്‍ മൂന്ന് കാര്യങ്ങളുണ്ട്. ഒന്ന് ശക്തരായ എതിരാളികള്‍ക്കെതിരെ മത്സരിക്കുമ്പോള്‍ സ്വന്തം ബോക്‌സില്‍ മാത്രം കളിക്കാരെ വിന്യസിച്ച് ഒരു പോയിന്റെങ്കിലും നേടിയെടുക്കാമെന്ന കുതന്ത്രം പയറ്റുന്ന ടീമുകള്‍ കളിയെ മാത്രമല്ല, സ്വന്തം സാധ്യതകളെ കൂടിയാണ് കൊല്ലുന്നത്. രണ്ട് നെയ്മര്‍ നേടിയ രണ്ടാം ഗോള്‍ ആയിരിക്കും മിക്കവാറും ഗ്രൂപ്പിലെ സമവാക്യങ്ങളില്‍ നിര്‍ണായകമാവുകയും ബ്രസീലിന് തുണയാകുന്നതും. മൂന്ന് ഈ ലോകകപ്പില്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും പ്രഹരശേഷിയുള്ള സംഘം ബ്രസീലാണ്; പ്രായോഗികതയേക്കാള്‍ ആക്രമണത്തിന് മുന്‍തൂക്കം നല്‍കുന്ന ടിറ്റേ ആ പ്രഹരശേഷിയുടെ വീര്യം കുറക്കുകയാണ്.

ഗ്രൂപ്പിലെ ഏറ്റവും ദുര്‍ബലരായ ടീമിനെതിരെ ഇറങ്ങുമ്പോള്‍ ബ്രസീലിന് ഇന്ന് ജയത്തില്‍ കുറഞ്ഞ ഒന്നും ആവശ്യമായിരുന്നില്ല. സ്വിറ്റ്‌സര്‍ലന്റിനെതിരെ അവലംബിച്ച 4-3-3 ശൈലി തന്നെ ടിറ്റേ തുടര്‍ന്നപ്പോള്‍ റൈറ്റ് വിങ്ബാക്ക് പൊസിഷനില്‍ ഡാനിലോക്ക് പകരം ഫാഗ്‌നര്‍ വന്നു എന്നുമാത്രം. കുട്ടിന്യോ, നെയ്മര്‍, ജീസസ്, വില്ല്യന്‍ എന്നിവരടങ്ങുന്ന നാലംഗ സംഘം ഗോള്‍ ലക്ഷ്യമാക്കിയപ്പോള്‍ കാസമിറോയ്ക്കും പൗളിഞ്ഞോയ്ക്കുമായിരുന്നു മധ്യനിരയുടെ ചുമതല. (ഫലത്തില്‍ ഇത് 4-2-4 ആയി അനുഭവപ്പെട്ടു). കോസ്റ്ററിക്ക ആവട്ടെ, 3-4-2-1 ശൈലിയില്‍ ഇറങ്ങിയപ്പോള്‍, കഴിഞ്ഞ മത്സരത്തിലേതു പോലെ അല്ല, എതിരാളികളെ ഗോളടിക്കാന്‍ അനുവദിക്കാതിരിക്കുകയാവും ലക്ഷ്യമെന്ന് വ്യക്തമായിരുന്നു.

പതിഞ്ഞ താളത്തിലാണ് ഇരുകൂട്ടരും തുടങ്ങിയത്. മൈതാനമധ്യത്തില്‍ തമ്പടിച്ച ബ്രസീല്‍ എതിരാളികളുടെ ബലംപരീക്ഷിക്കുകയാണെന്ന് തോന്നി. ഇടക്കിടെ ആക്രമണങ്ങള്‍ നടത്തുന്നുണ്ടായിരുന്നെങ്കിലും കോസ്റ്ററിക്ക ബ്രസീലിന്റെ താരനിരയെ പേടിക്കാതെയാണ് ആദ്യഘട്ടത്തില്‍ കളിച്ചത്. മാഴ്‌സലോയ്ക്കും മിറാന്‍ഡക്കുമിടയില്‍ വന്ന ആശയക്കുഴപ്പത്തില്‍ അവര്‍ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഭാഗ്യം ബ്രസീലിന്റെ രക്ഷകനായി. മറുവശത്തും അവസരങ്ങള്‍ പിറന്നെങ്കിലും ക്ലിയര്‍കട്ട് ആയിരുന്നില്ല. വലതുവിങില്‍ പ്രതീക്ഷിക്കപ്പെട്ടതുപോലെ നെയ്മര്‍ മാര്‍ക്ക് ചെയ്യപ്പെട്ടപ്പോള്‍ കുട്ടിന്യോക്ക് കയറിക്കളിക്കാനുള്ള സ്‌പേസ് ലഭിച്ചു.

അരമണിക്കൂറിനോടടുത്തപ്പോഴാണ് കൃത്യമായി പറഞ്ഞാല്‍ 25 മിനുട്ടിനു ശേഷമാണ് ബ്രസീല്‍ കാര്യമായി ഭീഷണിയുയര്‍ത്തിത്തുടങ്ങിയത്. മൂന്ന് ഡിഫന്റര്‍മാരും ഗോള്‍കീപ്പറുമൊഴികെ എല്ലാവരും ആക്രമണത്തില്‍ പങ്കാളികളായപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കോസ്റ്ററിക്കന്‍ ഡിഫന്‍സ് പാടുപെട്ടു. അവര്‍ സ്വന്തം ബോക്‌സ് പരിസരത്തേക്ക് ഒതുങ്ങിക്കൂടി. എന്നിട്ടും കെയ്‌ലര്‍ നവാസ് കാര്യമായിത്തന്നെ പരീക്ഷിക്കപ്പെട്ടു. അതുവരെ കല്‍ച്ചിരുന്ന ഭൂമിമാര്‍ഗം വിട്ട് എയര്‍ബോളുകള്‍ ബ്രസീല്‍ പരീക്ഷിക്കാന്‍ തുടങ്ങി. ഇടയ്ക്ക് കോസ്റ്ററിക്ക കൗണ്ടര്‍ അറ്റാക്ക് നടത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അതിന് ആവശ്യമായ അംഗബലം എതിര്‍ഹാഫില്‍ ലഭിച്ചില്ല. മാത്രവുമല്ല ബ്രയാന്‍ റൂയിസ്, വെനേഗസ്, ഉറേന എന്നിവരുടെ മിന്നായങ്ങളെ കാസമിറോയും സില്‍വയും മിറാന്‍ഡയും കൈകാര്യം ചെയ്യുകയും ചെയ്തു.

ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമിറങ്ങിയപ്പോഴുള്ള ബ്രസീലിന്റെ ആക്രമണം ചാത്തനേറു പോലെയായിരുന്നു. ഒന്നിനുപിറകെ മറ്റൊന്നായി പോസ്റ്റിനു നേരെ ആക്രമണം വന്നപ്പോള്‍ കോസ്റ്ററിക്ക ശരിക്കും വിയര്‍ത്തു. കെയ്‌ലര്‍ നവാസിന്റെ തകര്‍പ്പന്‍ സേവുകളും ഒരുപാട് വേണ്ടിവന്നു. മാഴ്‌സലോയും നെയ്മറും ലിങ്ക് ചെയ്ത് തുടങ്ങിയപ്പോഴാണ് ബ്രസീല്‍ ശരിക്കും വിശ്വരൂപം പുറത്തെടുത്തത്. ക്ലബ്ബില്‍ കളിക്കുമ്പോഴുള്ള തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് മാഴ്‌സലോ വന്നില്ലെങ്കിലും മുന്‍നിരയിലേക്ക് പന്തെത്തിക്കുന്നതില്‍, പ്രത്യേകിച്ചും നെയ്മറെ കണ്ടെത്തുന്നതില്‍ വിജയിച്ചു. പക്ഷേ, പതിനഞ്ചു മിനുട്ടോളം നീണ്ട ആ ത്വരിതാക്രമണവും ബ്രസീലിനെ തുണച്ചില്ല. നെയ്മറിന് പെനാല്‍ട്ടി വി.എ.ആറിലൂടെ നിഷേധിക്കപ്പെട്ടതും അവര്‍ക്ക് തിരിച്ചടിയായി. കളി അവസാന ഘട്ടത്തിലേക്ക് നീങ്ങിയതോടെ കോസ്റ്ററിക്കയുടെ കളി സമനിലക്കു വേണ്ടി മാത്രമായി.

പൗളിഞ്ഞോക്കു പകരം ഫിര്‍മിനോയെയും വില്ല്യനു പകരം ഡഗ്ലസ് കോസ്റ്റയെയും ഇറക്കിയത് നല്ല നീക്കങ്ങളായി. പൗളിഞ്ഞോ തന്റെ റോളില്‍ മോശമില്ലാതെ കളിച്ചെങ്കിലും വില്ല്യന്‍ മുന്നേറ്റത്തില്‍ ചേരാത്ത കണ്ണിയായാണ് പലപ്പോഴും അനുഭവപ്പെട്ടത്. ഫിര്‍മിനോയുടെയും കോസ്റ്റയുടെയും വരവ് അവസാന നിമിഷ ആക്രമണങ്ങളില്‍ ബ്രസീലിന് കരുത്ത് കൂട്ടുകയും ചെയ്തു.

അവസാന മിനുട്ടുകളില്‍ കോസ്റ്ററിക്ക സമയം കൊല്ലുന്നത് കണ്ടപ്പോള്‍ തന്നെ ഒരു ഗോള്‍ മണത്തിരുന്നു. ബ്രസീലിന്റെ ആക്രമണവീര്യത്തെ തണുപ്പിക്കാനുള്ള തന്ത്രമായിരുന്നു ആ മുടക്കങ്ങള്‍ എന്നുതോന്നി. പക്ഷേ, ആറ് മിനുട്ട് ഇഞ്ചുറി ടൈം കിട്ടിയ ബ്രസീല്‍ ഗോളടിച്ചേ അടങ്ങൂ എന്ന വിധത്തില്‍ തലങ്ങും വിലങ്ങും ആക്രമിച്ചു. കുട്ടിന്യോയിലൂടെ ലക്ഷ്യം കാണുകയും ചെയ്തു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബ്രസീലിനെ പോലെ മള്‍ട്ടി ടാലന്റഡ് ആയ ടീം എല്ലാം മറന്ന് പൊരുതുമ്പോള്‍ ഡിഫന്‍സില്‍ പിഴവുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. മാത്രവുമില്ല, കൗണ്ടര്‍ അറ്റാക്കിന് പദ്ധതിയില്ല എന്നാവുമ്പോള്‍ എതിരാളികള്‍ക്കത് മാനസിക ആധിപത്യവും നല്‍കുന്നു. 91ാം മിനുട്ടില്‍ ഗോള്‍ വീണതോടെ തന്നെ കളി ബ്രസീലിന്റെ കൈയിലായിക്കഴിഞ്ഞിരുന്നു. വ്യക്തമായ ആക്രമണ പദ്ധതി ഇല്ലാത്തതിനാല്‍ കോസ്റ്ററിക്ക തിരിച്ചടിക്കാനുള്ള സാധ്യതയും കുറവായിരുന്നു. എന്നിട്ടും അവര്‍ കയറിക്കളിച്ചു. അതോടെ ഡിഫന്‍സില്‍ വന്ന പിഴവിലൂടെ ഡഗ്ലസ് കോസ്റ്റ നെയ്മറിന് വഴിയൊരുക്കുകയും ചെയ്തു. ഏതായാലും ബ്രസീലിനെ വിഷമിപ്പിച്ചിട്ടേ കോസ്റ്ററിക്ക കീഴടങ്ങിയുള്ളൂ; അക്കാര്യത്തിന് പക്ഷേ, അന്തിമ വിശകലനത്തില്‍ കാര്യമായ ഫലമുണ്ടാവില്ലെങ്കിലും.

ഇക്കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബ്രസീലിന് കാര്യമായി അധ്വാനിക്കേണ്ടി വന്നിട്ടുണ്ട്. ഇന്നത്തേത് കുറച്ചുകൂടി കാല്‍ക്കുലേറ്റഡ് ആയ ഗെയിം ആയി അനുഭവപ്പെടുകയും ചെയ്തു. കെയ്‌ലര്‍ നവാസ് എന്ന മഹാമേരു (അയാള്‍ ഓര്‍മിപ്പിച്ചത് 1998ലെ ഫ്രാന്‍സിനെതിരായ മത്സരത്തിലെ ജോസ് ലൂയിസ് ചിലാവര്‍ട്ടിനെ ആണ്) ഇല്ലായിരുന്നെങ്കില്‍ അവര്‍ക്ക് സുരക്ഷിതമായി തന്നെ ജയിക്കാനുള്ള അവസരങ്ങളുണ്ടാകുമായിരുന്നു. അത്ര കഷ്ടപ്പെട്ടിട്ടും നവാസിന് സങ്കടത്തോടെ മടങ്ങാനായി വിധി. നാല് പോയിന്റായെങ്കിലും ബ്രസീലിന് ശ്വാസം വിടാന്‍ സമയമായിട്ടില്ല. ഇന്നു രാത്രി സ്വിറ്റ്‌സര്‍ലാന്റ് ജയിക്കാതിരുന്നാല്‍ സെര്‍ബിയയെ നേരിടുമ്പോള്‍ അവര്‍ക്ക് ടെന്‍ഷന്‍ കുറയും. അതേസമയം, മൂന്ന് ടീമുകള്‍ക്കും തുല്യപോയിന്റ് വന്നേക്കാവുന്ന സാഹചര്യവുമുണ്ട്. അങ്ങനെയെങ്കില്‍, നേരത്തെ പറഞ്ഞതുപോലെ ആ രണ്ടാം ഗോള്‍ ബ്രസീലിന് നിര്‍ണായകമാവും.

GULF

ജിമ്മി ജോർജ്ജ് വോളി ടൂർണമെന്റിന് അബുദാബിയിൽ തുടക്കമായി

Published

on

അബുദാബി: കേരള സോഷ്യൽ സെൻ്റർ അബുദാബി സംഘടിക്കപ്പിക്കുന്ന ഇരുപത്തിനാലാമത് കെ. എസ് സി. – എൽ. എൽ. എച്ച് ജിമ്മി ജോർജ്ജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി.

ലിവ ഇൻ്റർനാഷണൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ ബുർജീൽ ഹോൾഡിങ്ങ്സ് ചെയർമാൻ ഡോ. ഷംസീൽ വയലിൽ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനൽ സെക്രട്ടറി കെ. സത്യൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ, അസി. കായിക വിഭാഗം സെക്രട്ടറി സുഭാഷ് മാടിക്കടവ്, ടൂർണ്ണമെന്റ് കോർഡിനേറ്റർ ടി. എം. സലീം മറ്റ് മേനേജിംഗ് കമ്മറ്റി അംഗങ്ങൾ, വിവിധ പ്രവാസി സംഘടന പ്രതിനിധികൾ, സ്പോൺസർമാർ മറ്റു വിശിഷ്ട അതിഥികൾ ചടങ്ങിൽ സംബന്ധിച്ചു. ശക്തി തിയ്യറ്റേഴ്സ് അബുദാബിയുടെ വാദ്യ സംഘത്തിന്റെ ചെണ്ടമേളത്തോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്.

തുടർന്ന് കെ.എസ്.സി കലാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്തോ-അറബ് ബന്ധം കലയിലൂടെ ഉറപ്പു വരുത്ത രീതിയിൽഗഫൂർ വടകര ചിട്ടപ്പെടുത്തിയ നൃത്ത വിരുന്ന് ശ്രദ്ധേയമായി.

ബുർജീൽ ഹോൾഡിങ്ങ്സ് എൽ.എൽ. എച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ ആദ്യമൽസരം എൽ.എൽ.എച്ച് ഹോസ്പിറ്റൽ അബുദാബിയും, പാല സിക്സെസ് മദീനയും തമ്മിലായിരുന്നു. 25 – 22, 25 – 19 എന്നീ ക്രമത്തിൽ തുടർച്ചയായ രണ്ട് മത്സരത്തിലൂടെ എൽ എൽ എച്ച് ഹോസ്പിറ്റൽ പാല സിക്‌സസ് മദീനയെ പരാജയപ്പെടുത്തി.

രണ്ടാമത്തെ മത്സരത്തിൽ 25 – 23, 19 – 25, 15 – 13 എന്നീ ക്രമത്തിൽ നടന്ന മൂന്ന് സെറ്റ് മത്സരത്തിൽ ഓൺലി ഫ്രെഷ് ദുബായിയെ പരാജപ്പെടുത്തി ഒന്നിനെതിരെ രണ്ടു സെറ്റ് നേടികൊണ്ട് ലിറ്റിൽ സ്കൊളാർ ദുബായ് വെന്നിക്കൊടി നാട്ടി.

വിവിധ ടീമുകളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ ദേശീയ, അന്തർദേശീയ താരങ്ങൾ പങ്കെടുക്കുക്കുന്ന ടൂർണ്ണമെന്റിൽ വെള്ളിയാഴ്ച നടക്കുന്ന ആദ്യമത്സരം പാല സിക്സസ് മദീനയും ഖാൻ ഇന്റർനാഷലും, രണ്ടാമത്തെ മത്സരം ഒൺലി ഫ്രഷ് ദുബൈയും ശ്രീലങ്ക ഇന്റർ നാഷണലും തമ്മിലായിരിക്കും. ഫൈനൽ മത്സരം മാർച്ച് 31 ന് അബുദാബി അൽ ജസീറ സ്റേഡിയത്തിലായിരിക്കും അരങ്ങേറുക.

Continue Reading

Cricket

ഐപിഎൽ രണ്ടാം ഘട്ടം മത്സരക്രമമായി; ഫൈനൽ മേയ് 26ന് ചെന്നൈയിൽ

2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്

Published

on

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎൽ ഫൈനലിന് ചെന്നൈ വേദിയാകുമെന്ന് ഉറപ്പായി. മേയ് 26നായിരിക്കും ഫൈനൽ മത്സരം. 2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്.

ഇത്തവണ ഫൈനൽ കൂടാതെ മേയ് 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറും ചെന്നൈയിൽ തന്നെയായിരിക്കും. മേയ് 21ന് ആദ്യ ക്വാളിഫയറും മേയ് 22ന് എലിമിനേറ്റർ മത്സരവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടത്തും.

ഏപ്രിൽ എട്ട് മുതലുള്ള ഐപിഎൽ മത്സരക്രമത്തിലെ രണ്ടാം ഘട്ടത്തിൽ 52 മത്സരങ്ങളാണ് ഉൾപ്പെടുന്നത്. ചെന്നൈയിൽ സിഎസ്‌കെയും കെകെആറും തമ്മിലാണ് രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം.

ആകെയുള്ള പത്ത് ടീമുകളെ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്. സ്വന്തം ഗ്രൂപ്പിലുള്ള എല്ലാ ടീമുകളുമായും രണ്ടു മത്സരങ്ങൾ വീതവും എതിർ ഗ്രൂപ്പിലെ നാലു ടീമുകളുമായി ഓരോ മത്സരവും പ്രാഥമിക റൗണ്ടിലുണ്ടാകും. ഇതുകൂടാതെ, എതിർ ഗ്രൂപ്പിൽ നിന്നു നറുക്കെടുത്ത് തീരുമാനിക്കുന്ന ഒരു ടീമുമായി രണ്ടാമതൊരു മത്സരം കൂടിയുണ്ടാകും.

നേരത്തെ, മാർച്ച് 22 മുതൽ ഏപ്രിൽ 7 വരെ നടത്താനുള്ള 21 മത്സരങ്ങളുടെ ക്രമം മാത്രമാണ് ആദ്യ ഘട്ടത്തിൽ പുറത്തുവിട്ടിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം രണ്ടാം ഘട്ടം തീരുമാനിക്കുമെന്നാണ് അന്നു പറഞ്ഞിരുന്നത്.

Continue Reading

Football

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 150-ാം മത്സരത്തിന് ഛേത്രി; ആദരിക്കാനൊരുങ്ങി എ.ഐ.എഫ്.എഫ്

2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു.

Published

on

 ഇന്ത്യൻ ഫുട്ബോളിനായി 150 മത്സരങ്ങളെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ് ഇതിഹാസതാരം സുനിൽ ഛേത്രി. എന്നാൽ താൻ ഒരിക്കലും രാജ്യത്തിനായി കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് ഛേത്രി. രാജ്യത്തിനു വേണ്ടി കളിക്കുന്നതിന് തൊട്ടുമുമ്പ് ഒരു മികച്ച ക്ലബിലെത്തണം. തന്നെ സംബന്ധിച്ച് അതുപോലും ഒരു വലിയ ദൂരമായിരുന്നുവെന്ന് ഛേത്രി പറഞ്ഞു.

ആലോചിച്ചാൽ ഇതൊരു അവിശ്വസനീയമായ നേട്ടമാണ്. താൻ വലിയ ഭാ​ഗ്യവാനാണ്. കുറച്ച് ദിവസം മുമ്പാണ് താൻ കരിയറിലെ 150-ാം മത്സരത്തിലേക്ക് എത്തുന്നുവെന്ന് മനസിലാക്കിയത്. ഈ വലിയ യാത്രയിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും ഛേത്രി വ്യക്തമാക്കി.
2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരവും ഛേത്രിയാണ്. 39കാരനായ ഛേത്രി 93 ​ഗോളുകൾ ഇതിനോടകം നേടിക്കഴി‍ഞ്ഞു.

Continue Reading

Trending