ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലേക്ക് മോഹന്‍ലാലിന് ക്ഷണം; സി.എസ്.വെങ്കിടേശ്വരന്‍ രാജിവെച്ചു

തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്ക് മുഖ്യാതിഥിയായി നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാലിനെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പ്രശസ്ത എഴുത്തുകാരന്‍ സി.എസ്.വെങ്കിടേശ്വരന്‍ രാജിവെച്ചു. അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗത്വം രാജിവെക്കുന്നുവെന്ന് കാണിച്ച് അദ്ദേഹം അക്കാദമി ചെയര്‍മാന് കത്ത് കൈമാറി.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ നേരത്തെ തന്നെ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. സാഹിത്യ സാംസ്‌കാരിക മേഖലകളിലെ 107-ഓളം പ്രമുഖര്‍ ഒപ്പിട്ട് സംയുക്ത പ്രസ്താവന മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വിവാദങ്ങളെ വകവെക്കാതെ സര്‍ക്കാര്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ചടങ്ങില്‍ പങ്കെടുക്കുമെന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് എട്ടിനാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ്.

SHARE