പൗരത്വ പ്രതിഷേധം; പൊലീസ് വെടിവെപ്പില്‍ മൂന്നു മരണം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പില്‍ മൂന്നു മരണം. രണ്ടു പേര്‍ മംഗളൂരുവിലും ഒരാള്‍ ലക്‌നൗവിലുമാണ് മരിച്ചത്. മംഗളൂരുവില്‍ മരിച്ചവരുടെ മൃതദേഹം ഹൈലാന്‍ഡ് ആശുപത്രിയിലാണെന്നാണ് സൂചന. വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കുനേരെയാണ് വെടിവച്ചതെന്നാണ് വിവരം. നോര്‍ത്ത്, സൗത്ത്, ഈസ്റ്റ്, ബാര്‍ക്കെ, ഉര്‍വ്വെ സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കി. ലക്‌നൗവിലെ ഹസ്രത്ഗഞ്ചില്‍ പ്രക്ഷോഭകര്‍ പൊലീസിനു നേരേ കല്ലെറിയുകയും 20ഓളം വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നു പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. വെടിവയ്പില്‍ പരുക്കേറ്റയാളാണ് മരിച്ചതെന്നാണ് സൂചന.

പ്രതിഷേധങ്ങളില്‍ സംഘര്‍ഷം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ യോഗം ചേരും. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബെല്ല തുടങ്ങിയവരും പങ്കെടുക്കും. പൗരത്വ ഭേദഗതി നിയമത്തെയും പൗരത്വ റജിസ്റ്ററിനെയും എത്രയാളുകള്‍ അനുകൂലിക്കുന്നുണ്ടെന്ന് അറിയാന്‍ ഐക്യരാഷ്ട്ര സംഘടനയുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്താന്‍ ബിജെപി തയാറാകണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ റാലിയിലായിരുന്നു മമതയുടെ വെല്ലുവിളി.

ചെന്നൈയിലെ വള്ളുവര്‍ക്കോട്ടത്തു പൊലീസിന്റെ വിലക്ക് മറികടന്നു 54 സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ സംഘടനാ പ്രവര്‍ത്തകരും നഗരത്തിലെ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു. പ്രതിഷേധത്തിനു നേരത്തെ അനുമതി തേടിയിരുന്നെങ്കിലും പൊലീസ് നിഷേധിക്കുകയായിരുന്നു. ബെംഗളൂരുവില്‍ കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന്‍ അര്‍ഷാദിനെ അറസ്റ്റ് ചെയ്തു. മാണ്ഡി ഹൗസിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരെ അറസ്റ്റു ചെയ്തു. മാണ്ഡി ഹൗസിലെത്തിയ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്തിനെയും കസ്റ്റഡിയിലെടുത്തു. സ്വരാജ്യ അഭിമാന്‍ മേധാവി യോഗേന്ദ്ര യാദവിനെ ചെങ്കോട്ടയ്ക്കു സമീപം കസ്റ്റഡിയിലെടുത്തു.

SHARE