ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒരുമിപ്പിച്ചു നിര്‍ത്തിയതിന് അമിത് ഷായോട് നന്ദി പറഞ്ഞ് പ്രതിഷേധക്കാര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒരുമിപ്പിച്ചു നിര്‍ത്തിയതിന് നന്ദി പറഞ്ഞ് പ്രതിഷേധക്കാര്‍. ഹൈദരാബാദില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ വാക്കുകളാണിത്. ‘ഹിന്ദു മുസ്‌ലീം ഭായി ഭായി, സി.എ.എ ബൈ ബൈ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.ലക്ഷക്കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

ഹൈദരാബാദിലെ ധര്‍മാ ചൗക്കിലെ ഇന്ദിരാ പാര്‍ക്കിലേക്കാണ് പ്രതിഷേധക്കാര്‍ മാര്‍ച്ചുചെയ്ത് എത്തിയത്. എന്നാല്‍ പ്രതിഷേധക്കാരെ മുന്‍കൂട്ടി കണ്ട് പൊലീസ് ഇന്ദിരാ പാര്‍ക്കിലെയും അടുത്തുള്ള പ്രദേശങ്ങളിലെയും ആശയവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുത്തിയതായി പ്രതിഷേധക്കാര്‍ അറിയിച്ചു.

മാര്‍ച്ചിന് ശേഷം പ്രതിഷേധിച്ചവര്‍ മുന്നോട്ട് വരികയും റോഡുകള്‍ വൃത്തിയാക്കുകയും ചെയ്തു. 500ഓളം വരുന്ന അഭിഭാഷകര്‍ കറുത്ത കോട്ട് ധരിച്ചാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. തടവിലാക്കപ്പെട്ട പ്രതിഷേധക്കാര്‍ക്ക് നിയമസഹായം നല്‍കുമെന്നും അവര്‍ അറിയിച്ചു.

SHARE