കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ്;ഭരണഘടനാ ഭേദഗതി ഹൈക്കോടതി റദ്ദ് ചെയ്തു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഭരണഘടനാ ഭേദഗതി ഹൈക്കോടതി റദ്ദ് ചെയ്തു. അണ്‍ എയ്ഡഡ് കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രാതിനിധ്യം മൂന്നിലൊന്നായി വെട്ടി കുറക്കുന്നതായിരുന്നു ഭേദഗതി. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് എം എസ് എഫ് നല്‍കിയ ഹറജിയിലാണ് ഹൈക്കോടതി ഉത്തരവ്. നിലവിലുള്ള നിയമത്തില്‍ ഇലക്ഷന്‍ നടത്തണം.

യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മുഴുവന്‍ കോളേജുകളിലെയും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ മാര്‍ക്ക് വോട്ടവകാശം നല്‍കുന്ന നിയമമാണ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് നിയമവിരുദ്ധമായി ഭേദഗതി വരുത്തിയത്. ഈ ഭേദഗതി അനുസരിച്ച് സര്‍ക്കാര്‍ കോളേജുകളിലെയും എയ്ഡഡ് കോളേജുകളിലെയും സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് സെന്ററുകളിലെയും തെരഞ്ഞെടുക്കപ്പെടുന്ന കൗണ്‍സിലര്‍മാര്‍ക്ക് യൂണിയന്‍ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശം നല്‍കി.

എന്നാല്‍ സ്വാശ്രയ കോളേജില്‍ നിന്നും തിരഞ്ഞെടുക്കുന്ന കൗണ്‍സിലര്‍മാരെ വീണ്ടും ജില്ലാതലങ്ങളിലും, റവന്യൂ തലങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തി അവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മൂന്നിലൊന്ന് അംഗങ്ങള്‍ക്ക് മാത്രമാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികളെ തെരഞ്ഞെടുക്കാനാകു എന്ന സിണ്ടിക്കേറ്റ് ഉത്തരവ് ചോദ്യം ചെയ്ത് എം എസ് എഫ് കൗണ്‍സിലര്‍മാര്‍ സീനിയര്‍ അഡ്വ.ജോര്‍ജ് പൂന്തോട്ടം, അഡ്വ. പി. ഇ സജല്‍, അഡ്വ. അഹമ്മദ് ഫാസില്‍, മുഖേന നല്‍കിയ ഹറജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സിന്‍ഡിക്കേറ്റ് പുറപ്പെടുവിച്ച ഭേദഗതി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന് വിരുദ്ധമാണെന്നും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സര്‍ക്കാര്‍, സ്വാശ്രയ വിദ്യാര്‍ത്ഥികള്‍ എന്ന വിവേചനത്തിന് ഇടയാക്കുന്നതാണെന്ന ഹറജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.

SHARE