Connect with us

Video Stories

പ്രേക്ഷക മനസ്സുകളില്‍ ഗോളടിച്ച് ക്യാപ്റ്റന്‍; ധൈര്യമായി ടിക്കറ്റെടുക്കാം

Published

on

അലിഹൈദര്‍

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും രാജ്യം കണ്ട മികച്ച ഫുട്‌ബോളറുമായിരുന്ന വി.പി സത്യന്റെ ജീവിതം ആസ്പദമാക്കി നവാഗതനായ പ്രജേഷ് സെന്‍ ഒരുക്കിയ ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തിന് നിറഞ്ഞ കയ്യടി. ഫുട്‌ബോള്‍ ഒരു വികാരമായി കൊണ്ട് നടന്ന സത്യന്റെ ജീവിതം അതേപടി സക്രീനില്‍ പകര്‍ത്തി പ്രജേഷ് സെന്‍ ഞെട്ടിച്ചുകളഞ്ഞു. പ്രണയം, മത്സരം, വാശി, പോരാട്ടം, വികാരം, സ്‌നേഹം, സന്തോഷം തുടങ്ങി എല്ലാ ചേരുവകളും ഇള്‍കൊള്ളിച്ച മലയാളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ബയോപിക്. കാല്‍പന്തുകളിയെ നെഞ്ചോടു ചേര്‍ത്ത സത്യന്‍ എന്ന പ്രതിഭയുടെ സംഭവ ബഹുലമായ ജീവിതം ചുരുങ്ങിയ സമയത്തിനുള്ളില്‍ പറഞ്ഞു തീര്‍ക്കുകയെന്ന വലിയ വെല്ലുവിളി ഏറ്റെടുത്ത് അതിമനോഹരമായി, വിജയകരമായി പ്രജേഷ് സെന്ന് ദൃശ്യവിഷ്‌ക്കരിച്ചു. പത്രപ്രവര്‍ത്തകനായ ജി. പ്രജേഷ്‌സെന്‍ അഞ്ച് വര്‍ഷം കൊണ്ട് റിസര്‍ച്ച് നടത്തിയാണ് വി.പി. സത്യന്റെ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

Image result for captain malayalam movie

സത്യനായി അഭിനയിച്ച ജയസൂര്യ ഒരിക്കല്‍ കൂടി മികവ് തെളിയിച്ചു. മൂന്നു ഗെറ്റപ്പുകളിലായി സത്യന്റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങള്‍ ജയസൂര്യ മനോഹരമാക്കി. വിപി സത്യന് പോലീസ് ടീമിലെക്കുള്ള സെലക്ഷന്‍ ലഭിക്കുന്നതും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ സംഘര്‍ഷഭരിതവും ഉദ്യേഗജനകവുമായ ജീവിതമാണ് ചിത്രം തുറന്നു കാണിക്കുന്നത്. കേരള പൊലീസിന്റെ ഫുട്‌ബോള്‍ ടീമിലേക്ക് നാട്ടിന്‍പുറത്തുകാരനായ വി പി സത്യന്‍ എത്തുന്നതും രാജ്യത്തിന്റെ നായകനായി വളരുന്നുതുമെല്ലാം ആ ജീവിതത്തോട് സത്യസന്ധത പുലര്‍ത്തിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. കാല്‍പന്ത് കളിയോടുള്ള സത്യന്റെ ഒടുങ്ങാത്ത അഭിനിവേശം ഒരോ രംഗങ്ങളിലും പ്രകടമാകുന്നുണ്ട്.

Related image

ഇന്ത്യയില്‍ ജനങ്ങളും ഭരണകൂടവും ക്രിക്കറ്റിനെ ആവോളം നെഞ്ചിലേറ്റുമ്പോളും ഫുട്‌ബോളിനോടുള്ള അവഗണനപലകുറിയായി ചിത്രം വരച്ചു കാട്ടുന്നു. ഇന്ത്യന്‍ ക്യാപ്റ്റനായിട്ട് പോലും ആരും അറിയില്ലെന്ന ഭാര്യയുടെ തമാശയും സത്യനോട് പേനവാങ്ങി രവിശാസ്ത്രയോട് ഓട്ടോഗ്രാഫ് വാങ്ങുന്ന പെണ്‍കുട്ടികളുമെല്ലാം സത്യന്‍ നേരിട്ട അവഗണന തുറന്ന് കാട്ടുന്നു. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച ഒരു കളിക്കാരന്റെ, ഒരു അച്ഛന്റെ, ഒരു ഭര്‍ത്താവിന്റെ കഥ ഭാവപകര്‍ച്ചകളില്ലാതെ ജയസൂര്യ മനോഹമാക്കി. പരിക്ക് സത്യനെ വിടാതെ പിന്തുടരുമ്പോഴും വേദന കടിച്ചമര്‍ത്തി അയാള്‍ കളിക്കളത്തിലിറങ്ങി ടീമിനെ നയിച്ചു വിജയയങ്ങള്‍ സമ്മാനിച്ചു. എല്ലാവരും കളിക്കരുതെന്നും വിശ്രമിക്കണമെന്നും പറയുമ്പോഴും എനിക്ക് കളിക്കണമെന്ന് അലറിക്കൊണ്ട് കളിക്കളത്തില്‍ ഇന്ദ്രജാലം തീര്‍ത്ത, തോല്‍വികളിലും വിഷാദങ്ങളിലും കളിയെ കൈവിടാതെ ഹൃദയത്തില്‍ കൊണ്ടുനടന്ന കളിക്കാരനുള്ള സമര്‍പ്പണം തന്നെയാണ് ‘ക്യാപറ്റന്‍’

Image result for captain malayalam movie

വി പി സത്യന്റെ ഭാര്യ അനിതയുടെ വേഷത്തില്‍ എത്തിയ അനു സിത്താരയും ആ കഥാപാത്രത്തോട് സത്യസന്ധത പുലര്‍ത്തുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സത്യന് താങ്ങായി നില്‍ക്കുന്ന അനിത മികവാര്‍ന്ന അഭിനയമാണ് കാഴ്ച്ച വെക്കുന്നത്. ഫിറ്റല്ലെന്ന് പറഞ്ഞ് അപ്രതീക്ഷിതമായി ക്യാപ്റ്റന്‍സിയില്‍ നിന്നും ടീമില്‍ നിന്നും പുറന്തള്ളപ്പെട്ടതിന് ശേഷം ഒറ്റപ്പെട്ട് സമനില തെറ്റിയവനെ പോലെ ജീവിക്കുന്ന ഭര്‍ത്താവിനെ ചേര്‍ത്തുപിടിക്കുന്നുണ്ട് അനിത. വൈകാരികതയ്ക്ക് അത്രമേല്‍ പ്രാധാന്യമുള്ള ക്യാപ്റ്റന്റെ ജീവിതം തുടര്‍ച്ച നഷ്ടപ്പെടാതെ ഒരു വിങ്ങലായി പ്രേക്ഷകന്‍ അനുഭവിപ്പിക്കാന്‍ സിനിമയ്ക്ക് കഴിയുന്നു. അത് കൊണ്ട് തന്നെ ഒരിറ്റ് കണ്ണുനനയാതെ ഈ ചിത്രം കണ്ടുതീര്‍ക്കാനാവില്ല.

സിദ്ദിഖ്, രഞ്ജി പണിക്കര്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ്, ലക്ഷ്മി ശര്‍മ്മ, ജനാര്‍ദ്ധനന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധീഖ് വീണ്ടും അല്‍ഭുതപ്പെടുത്തി. സസ്പന്‍സായി കടന്നു വന്ന മമ്മൂട്ടിയുടെ ഗസ്റ്റ് റോളും ചിത്രത്തിന് മാറ്റ്കൂട്ടി. ചിത്രവുമായി ഇഴചേരും വിധത്തില്‍ ഗോപി സുന്ദര്‍ സംഗീതവിഭാഗം കൈകാര്യം ചെയ്തിട്ടുണ്ട്. റോബി വര്‍ഗ്ഗീസ് രാജിന്റെ ഛായാഗ്രഹണവും ബിജിത് ബാലയുടെ എഡിറ്റിംഗും അഭിനന്ദനം അര്‍ഹിക്കുന്നു. ഏതായാലും ഇന്ത്യന്‍ ഫുട്‌ബോളിന്റെ നഷ്ടവസന്തം,  2006 ജൂലായ് 18ന് ചെന്നൈയിലെ പല്ലാവരം റെയില്‍വെസ്‌റ്റേഷനില്‍വെച്ച് മരണം ചുവപ്പുകൊടി കാണിച്ച വി.പി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപറ്റന് ധൈര്യമായി ടിക്കറ്റെടുക്കാം.

 

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending