കുറ്റിയാടിയില്‍ പ്രകോപനപരമായി പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്: കുറ്റിയാടിയില്‍ പ്രകോപനപരമായി പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുത്തു. മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കുറ്റിയാടി പോലീസ് കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായ പ്രകടനത്തിനെതിരെ വടകര എസ്.പിക്ക് യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം പരാതി നല്‍കിയിരുന്നു. പ്രകടനത്തിന്റെ വീഡിയോ ക്ലിപ്പ് ഉള്‍പ്പെടെ തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയത്.

പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിശദീകരണ പരിപാടിയായ ദേശരക്ഷാ മാര്‍ച്ച് തുടങ്ങും മുമ്പ് വ്യാപാരികള്‍ കടകള്‍ അടച്ച് വീട്ടില്‍ പോയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി പ്രവര്‍ത്തകരുടെ പ്രകടനം.

‘ഉമ്മപ്പാല്‍ കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, ഓര്‍മയില്ലേ ഗുജറാത്ത്’ എന്നു തുടങ്ങി അങ്ങേയറ്റം വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ബിജെപി കുറ്റിയാടി മണ്ഡലം കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. അങ്ങേയറ്റം പ്രകോപന പരമായ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസടുത്തിരിക്കുന്നത്.

അതേസമയം, റാലിയില്‍ മുസ്ലിം വിരുദ്ധ കൊലവിളി മുഴക്കിയ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞിരുന്നു. എംടി രമേശാണ് റാലി ഉദ്ഘാടനം ചെയ്തത്.

SHARE