കാറ്റലോണിയയില്‍ പ്രക്ഷോഭം കനത്തു

കാറ്റലോണിയയില്‍ പ്രക്ഷോഭം കനത്തു

ബാഴ്‌സലോണ: കാറ്റലന്‍ സ്വാതന്ത്ര്യവാദികളുടെ നേതാവ് കാള്‍സ് പഗ്ഡമന്‍ഡിനെ ജര്‍മനിയില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കാറ്റലോണിയയില്‍ വ്യാപക പ്രതിഷേധം. ചിലയിടങ്ങളില്‍ പൊലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. അക്രമങ്ങളില്‍ 89 പേര്‍ക്ക് പരിക്കേറ്റു. നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹിതപരിശോധന നടത്തി സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് കാള്‍സിനെതിരെ സ്പാനിഷ് അധികാരികള്‍ രാജ്യദ്രോഹത്തിനും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിനും കേസെടുത്തിട്ടുണ്ട്.
യൂറോപ്യന്‍ അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് ജര്‍മന്‍ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഡെന്‍മാര്‍ക്കില്‍നിന്ന് ബെല്‍ജിയത്തേക്ക് പോകുകയായിരുന്ന കാള്‍സിനെ അതിര്‍ത്തിയില്‍വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2017 ഒക്ടോബറില്‍ സ്പാനിഷ് ഭരണകൂടത്തിന്റെ നിര്‍ദേശം ലംഘിച്ച് കാറ്റലന്‍ പാര്‍ലമെന്റ് ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച ശേഷം വിഘടനവാദി നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടായപ്പോഴാണ് കാള്‍സ് ബെല്‍ജിയത്ത് പ്രവാസ ജീവിതം തുടങ്ങിയത്. അറസ്റ്റിനെതിരെ ബാഴ്‌സലോണയില്‍ നടന്ന പ്രതിഷേധ റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ബാഴ്‌സലോണയിലെ മാര്‍ച്ചില്‍ 55,000 ത്തോളം പേര്‍ പങ്കെടുത്തതായി സ്പാനിഷ് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.

NO COMMENTS

LEAVE A REPLY