കാര്‍ഷിക വായ്പയുടെ പേരില്‍ ബാങ്കുകളുടെ വന്‍ തട്ടിപ്പ്; ലോണ്‍ ലഭിക്കുന്നത് കോര്‍പറേറ്റുകള്‍ക്ക്

ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ കര്‍ഷകര്‍ക്കു പകരം കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി നല്‍കുന്ന ഞെട്ടിക്കുന്ന കേന്ദ്രനടപടി പുറത്ത്. 2016-ല്‍ മാത്രം പൊതുമേഖലാ ബാങ്കുകള്‍ 59,000 കോടി രൂപയോളം 615 അക്കൗണ്ടുകള്‍ക്ക് മാത്രമായി നല്‍കി എന്ന വാര്‍ത്ത പ്രമുഖ ദേശീയ മാധ്യമമായ ‘ദി വയര്‍’ ആണ് റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് ലോണുകളെ അപേക്ഷിച്ച് പലിശനിരക്ക് വളരെ കുറവുള്ള ലോണുകള്‍, ബാങ്കുകളുടെ അറിവോടെ കര്‍ഷകരെന്ന വ്യാജേന ഇടനിലക്കാരും കോര്‍പറേറ്റുകളും തട്ടിയെടുക്കുകയായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നു ലഭിച്ച വിവരാവകാശ രേഖ സഹിതമാണ് ‘ദി വയറി’ന്റെ റിപ്പോര്‍ട്ട്.

രാജ്യത്തെ ചില പ്രത്യേക വാണിജ്യ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം ബാങ്കുകള്‍ നല്‍കുന്ന വായ്പകളുടെ 18 ശതമാനം കാര്‍ഷിക വായ്പ ആയിരിക്കണം. എന്നാല്‍, ഈ വ്യവസ്ഥ മുതലെടുത്ത് കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി നല്‍കുകയാണ് എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍. ഇക്കാരണത്താല്‍ അര്‍ഹരായ കര്‍ഷകര്‍ക്ക് പലപ്പോഴും വായ്പകള്‍ ലഭിക്കാറില്ല. കാര്‍ഷിക വായ്പകള്‍ സര്‍ക്കാറുകള്‍ എഴുതിത്തള്ളുമ്പോള്‍ അതിന്റെ ആശ്വാസം കര്‍ഷകര്‍ക്കല്ല കോര്‍പറേറ്റുകള്‍ക്കാണ് ലഭിക്കുന്നത്.

വായ്പ സംബന്ധിച്ച് സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകള്‍ക്കായി എസ്.ബി.ഐയെ സമീപിച്ചെങ്കിലും മുംബൈ സോണിലെ കണക്കുകള്‍ മാത്രമാണ് കിട്ടിയതെന്ന് ‘ദി വയര്‍’ പറയുന്നു. ഇവിടെ 30 കോടി രൂപ മൂന്ന് അക്കൗണ്ടുകള്‍ക്ക് മാത്രമായി അനുവദിച്ചിരിക്കുന്നു. അതേ ബ്രാഞ്ചില്‍ തന്നെ 27 കോടി രൂപ ഒമ്പത് അക്കൗണ്ടുകള്‍ക്കായി വീതിച്ചുനല്‍കിയിരിക്കുന്നു. ഈ ലോണ്‍ ലഭിച്ചവരുടെ വിവരങ്ങള്‍ ബാങ്ക് നല്‍കിയിട്ടില്ല. ചില കോര്‍പറേറ്റുകള്‍ക്ക് കാര്‍ഷിക വായ്പയായി 100 കോടിയോളം രൂപ നല്‍കിയിട്ടുണ്ടെന്ന് കൃഷി വിദഗ്ധര്‍ ദേവിന്ദര്‍ ശര്‍മ പറയുന്നു. ഒരു കമ്പനിക്ക് മാത്രമായി നല്‍കുന്ന 100 കോടി കുറഞ്ഞത് 200 കര്‍ഷകര്‍ക്കെങ്കിലും വീതിക്കപ്പെടേണ്ടതായിരുന്നു എന്നും ബാങ്കുകള്‍ തട്ടിപ്പ് നടത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

2014-15 സാമ്പത്തിക വര്‍ഷത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ 8.5 ലക്ഷം കോടി രൂപയാണ് കാര്‍ഷിക കടമായി നല്‍കിയത്. 2018-19 ല്‍ ഇത് 11 ലക്ഷം കോടിയായി. 2016-നു മുമ്പും വന്‍തോതില്‍ കോര്‍പറേറ്റുകള്‍ കാര്‍ഷിക കടങ്ങള്‍ തട്ടിയിരുന്നതായി ആര്‍.ബി.ഐ കണക്കുകള്‍ വ്യക്തമാക്കുന്നു. 2015-ല്‍ 604 അക്കൗണ്ടുകള്‍ 52,143 കോടി സ്വന്തമാക്കി (ഒരു അക്കൗണ്ടിന് ശരാശരി 86.33 കോടി). 2014-ല്‍ ശരാശരി 91.28 കോടിയാണ് ഇത്തരത്തില്‍ നല്‍കിയത്.

SHARE