എന്‍പിആറിനോട് സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചര്‍ച്ചക്കൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ദേശീയ ജനസംഖ്യ പട്ടികയുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ചക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറും മുഖ്യമന്ത്രിമാരെ കാണും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് സെന്‍സസ് നടപടികളുള്‍പ്പെടെ ആളുകള്‍ സംശയത്തിന്റെ കണ്ണുകളോടെയാണ് നോക്കിക്കണ്ടിരുന്നത്. ഈ സാഹചര്യത്തിലായിരുന്നു എന്‍പിആര്‍ നടപ്പിലാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ എന്‍.പി.ആര്‍, സെന്‍സസ് നടപടികള്‍ ഏപ്രില്‍ സെപ്തംബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനോട് സഹകരിച്ചിട്ടില്ല. പിന്നാലെയാണ് കേന്ദ്രം അനുനയനീക്കത്തിനൊരുങ്ങുന്നത്.

പശ്ചിമബംഗാളും എന്‍.പി ആര്‍ നടപടികളുമായി സഹകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, ചത്തീസ്ഗണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും വിഷയത്തില്‍ എതിര്‍പ്പറിയിച്ചിരുന്നു.