4.88 ലക്ഷം കോടി രൂപ കടം വാങ്ങാന്‍ തീരുമാനിച്ച് കേന്ദ്രം


ന്യൂദല്‍ഹി: കൊവിഡ് 19 സാമ്പത്തിക വ്യവസ്ഥയെ ബാധിക്കാനുള്ള സാധ്യതയെ മുന്‍നിര്‍ത്തി 4.88 ലക്ഷം കോടി രൂപ കടം വാങ്ങാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. ഏപ്രില്‍-സെപ്തംബര്‍ പാദത്തിലാണ് ഈ തുക കടം വാങ്ങുക. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യക്ക് ആകെ വാങ്ങാന്‍ കഴിയുന്ന കടത്തിന്റെ 63%ആണ് ഈ തുക. ആഴ്ചയില്‍ 19000 കോടി രൂപയെന്ന നിലക്കാണ് ഈ തുക വാങ്ങുക.

എക്കണോമിക്സ് അഫയേഴ്സ് സെക്രട്ടറി അതാനു ചക്രബര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉപയോഗിക്കാതെ 3800 കോടി രൂപയുള്ളപ്പോള്‍ വേറൊരു ട്രസ്റ്റ് രൂപീകരിക്കേണ്ട കാര്യമെന്താണെന്ന് കോണ്‍ഗ്രസ് ചോദിച്ചു.

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയും വക്താവ് ഗൗരവ് വല്ലഭും വിഷയത്തില്‍ പ്രതികരിച്ചു. നിലവിലുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേര് മാറ്റുന്നതിന് പകരം അധിക ചെലവുണ്ടാക്കുന്ന, പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്ന ഈ പ്രക്രിയ ഇപ്പോഴെന്തിനാണ് നടപ്പിലാക്കുന്നത് എന്നാണ് ശശി തരൂരിന്റെ പ്രതികരണം.

SHARE