ഭാരത് പെട്രോളിയം ഉള്‍പ്പെടെ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍പനക്ക് വെച്ച് കേന്ദ്രം

ന്യൂഡല്‍ഹി: അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബിപിസിഎല്‍), ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എസ്‌സിഐ), കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (കോണ്‍കോര്‍) തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്. ഈ സ്ഥാപനങ്ങളുടെ നിയന്ത്രണാധികാരം കൈമാറാനും കേന്ദ്രമന്ത്രി സഭ ബുധനാഴ്ച തീരുമാനിച്ചു.

ബിപിസിഎല്ലിന്റെ കൊച്ചിന്‍ റിഫൈനറിയിലെ ഓഹരികളും വില്‍ക്കും. ഓഹരി വില്‍ക്കുന്നതോടൊപ്പം കമ്പനികളുടെ ഭരണ കൈമാറ്റവും ന!ടക്കും. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ബിപിസിഎല്‍ മഹാരത്‌ന കമ്പനിയും എസ്‌സിഐ, കോണ്‍കോര്‍ എന്നിവ നവരത്‌നാ കമ്പനികളുടെ വിഭാഗത്തില്‍പ്പെടുന്നതുമാണ്.

ബിപിസിഎല്ലിന്റെ 53.29 ശതമാനം ഓഹരിയാണ് വില്‍ക്കുന്നത്. അസമിലെ നുമലിഗഡ് റിഫൈനറി ബിപിസിഎല്ലില്‍ നിന്നൊഴിവാക്കിയ ശേഷമാകും ഓഹരികള്‍ വില്‍ക്കുക. എസ്‌സിഐയുടെ 53.75 ശതമാനം, കോണ്‍കോറിന്റെ 30. 9 ശതമാനം ഓഹരികളുമാണ് വില്‍ക്കുന്നത്. തെഹ്‌രി ഹൈഡ്രോ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (ടിഎച്ച്ഡിസി), നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ (നീപ്‌കോ) എന്നിവയുടെ ഓഹരികള്‍ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിക്ക് വില്‍ക്കാനും തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു.

SHARE