വിമാനത്തിലും ട്രെയിനിലും നിറയെ ആളുകള്‍; രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് കാണിക്കാന്‍ വിചിത്ര വാദവുമായി കേന്ദ്രമന്ത്രി. വിമാനത്താവളങ്ങളിലും ട്രെയിനുകളിലും നിറയെ യാത്രക്കാരുണ്ട്. കല്യാണങ്ങളും നടക്കുന്നു. ഇതെല്ലാം രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്നതിന് തെളിവാണെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അങ്കടി പറഞ്ഞു.

മൂന്ന് വര്‍ഷം കൂടുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകാറുണ്ടെങ്കിലും വളരെ വേഗം നില ഭദ്രമാക്കാറുണ്ട്. പ്രധാനമന്ത്രിയുടെ പ്രതിഛായ മോശമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സുരേഷ് അങ്കടി പറഞ്ഞു. തുണ്ട ഗുര്‍ജ വാണിജ്യ ഇടനാഴി കമ്മീഷന്‍ ചെയ്യുന്നതിന് മുമ്പായുള്ള പരിശോധന്ക്ക് എത്തിയപ്പോഴായിരുന്നു റെയില്‍വേ മന്ത്രി ഇക്കാര്യം പറഞ്ഞത്.

രാജ്യത്ത് തൊഴിലില്ലായ്മയും പട്ടിണിയും പെരുകുന്നുവെന്നാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അമര്‍ത്യാ സെന്‍, രഘുറാം രാജന്‍ തുടങ്ങിയ സാമ്പത്തിക വിദഗ്ധരും സാമ്പത്തിക പ്രതിസന്ധി തുറന്നുകാട്ടി രംഗത്ത് വന്നിരുന്നു. മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം അടക്കമുള്ള തെറ്റായ സാമ്പത്തിക നയങ്ങളാണ് രാജ്യത്തെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ഇതിനെ മറികടക്കാനാണ് കേന്ദ്രമന്ത്രിമാരടക്കം നിലവാരമില്ലാത്ത ന്യായീകരണങ്ങളുമായി രംഗത്ത് വരുന്നത്.

SHARE