കോവിഡ് 19 വാര്‍ത്തകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് സ്ഥിരീകരണം തേടാതെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യരുതെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നല്‍കുന്ന സംവിധാനത്തില്‍ നിന്നു പുറപ്പെടുവിക്കാത്ത കോവിഡ് -19 സംബന്ധിച്ച വസ്തുതകള്‍ ഒരു മാധ്യമങ്ങളും ആദ്യംകേറി അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യരുതെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയുടെ നിര്‍ദേശം തേടി.

കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി നിര്‍ദ്ദേശങ്ങള്‍ തേടുന്ന പൊതുതാല്‍പര്യ ഹരജികള്‍ക്കും പകര്‍ച്ചവ്യാതി വ്യാപനം നിയന്ത്രിക്കാനുള്ള നടപടികള്‍ക്കുമായി കേന്ദ്രം സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടിലാണ് റിപ്പോര്‍ട്ടിങ് സംബന്ധിച്ച നിര്‍ദ്ദേശ കേന്ദ്രം വെച്ചത്്.

‘അഭൂതപൂര്‍വ്വമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇലക്ട്രോണിക്, അച്ചടി, സാമൂഹിക മാധ്യമങ്ങള്‍, വെബ് പോര്‍ട്ടലുകള്‍ എന്നിവയില്‍ മനഃപൂര്‍വ്വമോ ആസൂത്രിതമോ ആയ ഏതെങ്കിലും വ്യാജമോ അല്ലെങ്കില്‍ കൃത്യമല്ലാത്തതോ ആയ റിപ്പോര്‍ട്ടിങ് വരുന്നത് സമൂഹത്തിലെ വലിയൊരു വിഭാഗത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കപ്പെടാനുള്ള ഗുരുതരമായ സാധ്യതയുണ്ടെന്ന്, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഐഎഎസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ലോകം കൈകാര്യം ചെയ്യാന്‍ പാടുപെടുന്ന ഈ മഹാമാരിയുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍, അത്തരം റിപ്പോര്‍ട്ടിംഗിനെ അടിസ്ഥാനമാക്കി സമൂഹത്തിലെ ഏതൊരു വിഭാഗത്തിന്റെയും പരിഭ്രാന്തിയും പ്രതികരണവും അത്തരം സാഹചര്യങ്ങള്‍ക്ക് ദോഷകരമാകുമെന്ന് മാത്രമല്ല, രാജ്യത്തെ മുഴുവന്‍ അത് ബാധിക്കുകയും ചെയ്യും.

അതിനാല്‍ മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്ന് വസ്തുതകള്‍ സ്ഥിരീകരിക്കാതെ ഒന്നും അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യരുതെന്ന നിര്‍ദേശം കോടതി പുറപ്പെടുവിക്കണമെന്നും കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

2005-ലെ ദുരന്തനിവാരണ നിയമപ്രകാരം പരിഭ്രാന്തി സൃഷ്ടിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയ സത്യവാങ്മൂലത്തില്‍, ‘ഉന്നത കോടതിയില്‍ നിന്നുള്ള ഉചിതമായ നിര്‍ദ്ദേശം’ സമൂഹത്തിലെ ഒരു വിഭാഗത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ സാധ്യതയുള്ള
തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലുണ്ടാകുന്ന അനന്തരഫലങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

ദൈനംദിന സ്ഥിതിഗതികള്‍ വിലയിരുത്തി അടിയന്തരവും സമയബന്ധിതവുമായ നിരവധി നടപടികള്‍ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്നും, ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.