അസന്‍സോളില്‍ നിന്നുയര്‍ന്ന മതേതരത്വ ശബ്ദം

സലീം ദേളി

ഹിംസയും അക്രമവും ഫാസിസത്തെ സംബന്ധിച്ചിടത്തോളം യാദൃച്ഛികമായി സംഭവിക്കുന്നതല്ല. കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പിലാക്കുന്നതാണ്. ഹിംസ അവരുടെ കൈയബദ്ധമല്ല. പ്രായോഗികമായി അവര്‍ പരിശീലിച്ചെടുക്കുന്നതാണ്. ഒരു ജനതയെ ഭീതിക്ക് അടിപ്പെടുത്തുക എന്നതാണ് ഫാസിസത്തിന്റെ സൈദ്ധാന്തിക രീതി. ഹിറ്റ്‌ലര്‍ അക്രമം നടത്തുക മാത്രമല്ല, പുനരവതരിപ്പിച്ചു കാണുകയും ആഹ്ലാദിക്കുകയും ചെയ്തു. പ്രത്യക്ഷത്തിലുള്ള മാറ്റങ്ങള്‍ മാത്രമല്ല അവരുടെ ലക്ഷ്യം. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും രക്ഷാകവചങ്ങളാകുന്ന സംവിധാനങ്ങളെ കീഴ്‌പ്പെടുത്തുക എന്നതും അവരുടെ ലക്ഷ്യമാണ്. ഫാസിസത്തിന്റെ പ്രത്യയശാസ്ത്ര ന്യൂക്ലിയസ് തത്വമാണ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക എന്നത്.

ഗുജറാത്ത് കലാപങ്ങളില്‍ വീടുകള്‍ ഗ്യാസ് ചേമ്പറുകളാക്കിയപ്പോള്‍ നാസികളേക്കാള്‍ ഭീകരമായിരുന്നു ഗുജറാത്തിലെ തെരുവ്. ഇന്ത്യയില്‍ വന്ന പുതിയ ഫാസിസ്റ്റ് പ്രവണതയുടെ ആദ്യ പരീക്ഷണശാലയായിരുന്നു ഗുജറാത്ത്. കാരണമില്ലെങ്കില്‍ കാരണമുണ്ടാക്കി കലാപം പുറപ്പെടുവിപ്പിക്കലാണ് ഫാസിസ്റ്റുകള്‍. ബീഫ് ഒരു കാരണമാണ്. അഖ്‌ലാഖ് ഇരയും. പ്രതി മരിച്ചപ്പോള്‍ അവര്‍ ദേശീയ പതാക പുതപ്പിച്ചു. കൊലയെ അവര്‍ ആഘോഷമാക്കി കൊണ്ടാടുകയാണ്. കൊലയാളികള്‍ക്ക് ധീരപരിവേഷം നല്‍കുന്നു. മുസ്‌ലിം വിദ്വേഷത്തിന്റെ ഇരയാണ് ഹരിയാനയിലെ ജുനൈദ്. ഒരാളെ കൊല്ലണമെന്ന് തോന്നിയാല്‍ പള്ളിയില്‍ കയറി കൊല്ലാം. ന്യൂനപക്ഷ സമുദായത്തെ നിരന്തരം പ്രകോപിപ്പിക്കുക എന്നതാണ് ഇന്ത്യയിലെ ഫാസിസ്റ്റുകളുടെ തന്ത്രം. കലാപമുണ്ടാക്കി ന്യൂനപക്ഷങ്ങളെ തെരുവിലിറക്കി ഹൈന്ദവ വോട്ടുകള്‍ വാരിക്കൂട്ടുന്നതാണ് ബി.ജെ.പി രാഷ്ട്രീയം. അമിത് ഷായുടെ ഉത്തരേന്ത്യന്‍ വിജയങ്ങളെ ഇത് ഏറെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍, പ്രതിരോധം ശക്തമായപ്പോള്‍ അവര്‍ വീണ്ടും വര്‍ഗീയ കാര്‍ഡുകളിറക്കുകയാണ്.

രാംനവമി ആഘോഷത്തിനിടെ പശ്ചിമ ബംഗാളിലെ പതിനാറു വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി. ഇമാമിന്റെ മകന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത മാത്രം മതിയായിരുന്നു അസന്‍സോളിന്റെ പ്രാന്തപ്രദേശം കത്തിയമരാന്‍. ജനം തിരിച്ചറിയാന്‍ ഒരുങ്ങുകയായിരുന്നു. അന്നേരത്താണ് വേദന കടിച്ചമര്‍ത്തി ഇമാം ഇംദാദുല്ല റാഷിദി മഹല്ലുകാരെ വിളിച്ചുവരുത്തി സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടത്. നാട്ടില്‍ പ്രശ്‌നമുണ്ടാക്കരുതെന്നും പ്രശ്‌നത്തിന് മുതിര്‍ന്നാല്‍ താന്‍ അസന്‍സോള്‍ വിട്ട് എവിടേക്കെങ്കിലും പോയ്ക്കളയുമെന്നും അദ്ദേഹം വികാരഭരിതനായി പറഞ്ഞു. രോഷാഗ്നിയില്‍ തിളച്ചു മറിഞ്ഞ ജനത ഇമാമിന്റെ ശക്തമായ ഇടപെടലില്‍ ശാന്തരായി. പതിനായിരക്കണക്കിനാളുകളാണ് സിബഗത്തുല്ലയുടെ ജനാസയെ അനുഗമിച്ചത്. പൊട്ടിക്കരഞ്ഞും വേദന ഉള്ളിലൊതുക്കിയും അവര്‍ നഗരത്തെ ദുഃഖത്തിലാഴ്ത്തി. സിബഗത്തുല്ലയുടെ ജീവന് പകരം ചോദിക്കാന്‍ സര്‍വമനസാല്‍ സന്നദ്ധരായവരെ സമാധാനത്തിലൂടെ ഇമാം പിടിച്ചു നിര്‍ത്തിയപ്പോള്‍, ഇമാമിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ തകര്‍ന്നത് സംഘ്പരിവാറിന്റെ കലാപ ശ്രമമായിരുന്നു. ഒരാള്‍ ഫാസിസ്റ്റുകളെ പ്രതിരോധിച്ച രീതി, ഇന്ത്യന്‍ പാരമ്പര്യത്തെ പുനസൃഷ്ടിച്ചു. സാമൂഹിക-രാഷ്ട്രീയാന്തരീക്ഷത്തെ പൂര്‍ണ്ണമായി തിരിച്ചറിയുന്ന ഇമാം ഇംദാദുല്ല, വര്‍ഷങ്ങളായി സമാധാനത്തില്‍ കഴിയുന്ന അസന്‍സോള്‍ നഗരത്തെ ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ കൊലക്ക് വിട്ടുകൊടുത്തില്ല.

ബീഹാറിലും രാംനവമി ആഘോഷത്തിനിടെ അക്രമങ്ങള്‍ അരങ്ങേറി. രണ്ടു ലക്ഷത്തോളം വാളുകളാണ് ഹിന്ദുത്വ സംഘടനകള്‍ ഘോഷയാത്രക്കായി ബീഹാറിലെത്തിച്ചത്. അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും പാട്ടുകളും മുസ്‌ലിംകളെ വ്രണപ്പെടുത്തുന്നതായിരുന്നു. ഹിന്ദുവിഭാഗത്തില്‍പെട്ടവരുടെ കടകള്‍ തീവെച്ച് അതൊരു കാരണമാക്കി അവതരിപ്പിക്കുകയാണ് ഔറംഗബാദില്‍ ചെയ്തത്. നവാഡയില്‍ രണ്ട് ജാതി സമൂഹത്തില്‍ പ്രശ്‌നങ്ങളായി കിടക്കുന്ന ഭൂമിയിലെ വിഗ്രഹം തകര്‍ത്താണ് അവര്‍ കലാപത്തിനിറങ്ങിയത്. എന്നാല്‍ കലാപം അവിചാരിതമായി സംഭവിച്ചതല്ല. ആറു മാസത്തോളം നടന്ന വ്യക്തമായ പ്ലാനിങ്ങുണ്ടായിരുന്നു. ഇത് ഇന്റലിജന്‍സ് കൃത്യമായി സര്‍ക്കാറിനറിയിച്ചിട്ടുണ്ട്. പൊലീസ് സംവിധാനത്തിന്റെ നിഷ്‌ക്രിയത്വമാണ് അവിടെ കലാപമുണ്ടാകാന്‍ കാരണം. പത്തോളം ജില്ലകളില്‍ കലാപമൊരുക്കുന്നതില്‍ സംഘ്പരിവാര്‍ വിജയം കണ്ടിരുന്നെങ്കിലും പ്രതീക്ഷിച്ച തിരിച്ചടിയും പ്രകോപനവും മുസ്‌ലിംകളില്‍നിന്ന് ഇല്ലാത്തതാണ് കലാപത്തെ പിടിച്ചുനിര്‍ത്തിയത്.

വ്യാജ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ മുസ്‌ലിംകള്‍ക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം അഴിച്ചുവിട്ടു. നിരവധി കടകളാണ് അക്രമികള്‍ തകര്‍ത്തത്. മാരകായുധങ്ങളുമായി സംഘടിച്ചെത്തുന്ന ഫാസിസ്റ്റുകള്‍ ഹിന്ദു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ഇല്ലാക്കഥ പ്രചരിപ്പിച്ചായിരുന്നു ആക്രോശിച്ചത്. ഇതിന് എ.ബി.വി.പി സോഷ്യല്‍ മീഡിയകളിലൂടെ പ്രചാരണം നല്‍കി. കലാപമുണ്ടാക്കാന്‍ സംഘ്പരിവാര്‍ മെനഞ്ഞെടുത്ത കെട്ടുകഥകള്‍ മാത്രമാണിത്. മുസ്‌ലിംകള്‍ വളരെക്കുറച്ച് മാത്രം പാര്‍ക്കുന്ന പ്രദേശമാണ് രുദ്രപ്രയാഗ് ജില്ലയിലെ അഗസ്ത്യമുനി. വര്‍ഷങ്ങളോളം സമാധാനം പുലര്‍ത്തിയ നാട് തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാന്‍ ഒരുങ്ങുമ്പോള്‍ കലാപമുഖരിതമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

അതേസമയം സാമ്പത്തികമായി ന്യൂനപക്ഷത്തെ തകര്‍ക്കുകയെന്ന ലക്ഷ്യം അവരിലുണ്ട്. ഗുജറാത്ത് വംശഹത്യയോടെ കലാപം അവസാനിപ്പിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലേക്കും അവര്‍ കലാപത്തെ വ്യാപിപ്പിക്കുകയാണ്. ജീവിച്ചിരിക്കുന്നവരെ മാത്രമല്ല മരിച്ചവരെയും പിച്ചിച്ചീന്തിയാണ് ഫാസിസം ഭീതി തുടരുന്നത്. വംശഹത്യ മാത്രമല്ല സാംസ്‌കാരിക അധിനിവേശം കൂടിയാണത്. സാംസ്‌കാരിക ദേശീയത വളര്‍ത്തി മനുഷ്യവേട്ട തുടരുകയാണ്. ഭക്ഷണം, വേഷം, ചിഹ്നം, ആചാരങ്ങള്‍ തുടങ്ങിയവ കൊലപാതകത്തിനുള്ള പദാര്‍ത്ഥങ്ങളായി മാറി. നിരന്തരം ആത്മ സംഘര്‍ഷവും ഇതിലൂടെ പ്രകടമായി. നിശബ്ദമായ ഭീകരതയാണത്. ജീവിത രീതിയില്‍ ഭയമുണ്ടാകുന്നു. നടക്കുന്ന വഴിയില്‍ ഭയമുണ്ടാകുന്നു. ധരിച്ച വേഷം ജീവന് ഭീഷണിയാകുന്നു. വേഷവും ഭക്ഷണവും പച്ച മനുഷ്യനെ കൊല്ലാനുള്ള ഉപാധിയായി മാറി. നിശബ്ദതയുടെ ഭീകരത സംഘ്പരിവാര്‍ വളര്‍ത്തിയിട്ടുണ്ട്. അത് പടര്‍ത്താനുള്ള മാര്‍ഗമാണ് തുടര്‍ക്കഥകളാകുന്ന വര്‍ഗീയാക്രമണങ്ങളും ഭീതിശാസ്ത്രവും.

രാജ്യത്തിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഫാസിസം ജനാധിപത്യത്തോട് നടത്തുന്ന തുറന്ന യുദ്ധമാണ്. രാജ്യത്തെ അക്രമങ്ങളെ ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍-ദലിത് തമ്മിലടിയില്‍ കെട്ടിവെക്കുന്നത് മറയിടാനാണ്. മിശ്രവിവാഹിതരെ അടിച്ചു കൊല്ലുന്നതും ഭീഷണിപ്പെടുത്തുന്നതും ജനാധിപത്യത്തെ കീറിമുറിക്കുന്നതിന് തുല്യമാണ്. ഹിന്ദു-മുസ്‌ലിം ബന്ധത്തെ പൂര്‍ണ്ണമായും രാജ്യത്തില്ലാതാക്കുക എന്നതാണ് അവര്‍ക്ക് വേണ്ടത്. ഒന്നിച്ച് കച്ചവടം ചെയ്യുന്ന സ്‌നേഹിക്കുന്ന വ്യക്തികളെ മതേതര ഐക്യത്തെ ഫാസിസം ഭയക്കുന്നത് മൂലമാണ്.

ഫാസിസ്റ്റ്‌വത്കരണ കാലത്ത് മറ്റെല്ലാ വ്യത്യാസങ്ങള്‍ക്കപ്പുറം ഐക്യപ്പെടേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. കൂട്ടായ്മയായി പ്രവര്‍ത്തിച്ച് ഇരകളോടൊപ്പം ചേരണം. മറവിക്കെതിരെ ഓര്‍മ്മ കൊണ്ട് പോരടിക്കണം. മുന്‍വിധി, മനുഷ്യത്വ രാഹിത്യം, മറവി എന്നീ മൂന്നു തൂണുകളുടെ മുകളിലാണ് ഫാസിസം എക്കാലത്തും നിലനിന്നതെന്ന് ബര്‍ട്ടോള്‍ഡ് ബ്രഹ്ത് എന്ന കവി പാടിയിട്ടുണ്ട്. ചെറുക്കാന്‍ സമരം മാത്രമല്ല ആയുധമാക്കേണ്ടത്, സംയമനം കൂടി ചേര്‍ക്കണം. മാനവികതയെ ഒപ്പം കൂട്ടണം. ചരിത്രത്തെ യഥാവിധി അവതരിപ്പിക്കണം. അപ്പോഴേക്കും ഇന്ത്യന്‍ ഫാസിസത്തിന് മരണമണി മുഴങ്ങിയിട്ടുണ്ടാവും.

ഏതൊരു പ്രവര്‍ത്തനത്തിലും പ്രതിപ്രവര്‍ത്തനമുണ്ടാകുന്ന തത്വമാണ് ഫാസിസ്റ്റുകള്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ അവലംബിക്കുന്നത്. ജനാധിപത്യത്തെ കശാപ്പുശാലയിലേക്ക് വലിച്ചു കയറ്റും. മതേതരത്വം ഭൂരിപക്ഷ വര്‍ഗീയതയെ പിന്തുടരാന്‍ കാരണമാകും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സംസ്‌കാരവും രാഷ്ട്രീയവും ഒരേ ദിശയില്‍ സഞ്ചരിക്കേണ്ടതുണ്ട്. അസന്‍സോളില്‍ നിന്നുയര്‍ന്ന ശബ്ദമാണ് ഇന്ത്യയുടെ ആത്മാവ്.

SHARE