ആദിത്യ സന്ധ്യ

ആന മെലിഞ്ഞാല്‍ തൊഴുത്തില്‍കെട്ടില്ലെന്ന ചൊല്ല് കൊണ്ടുനടക്കുന്ന ചിലരുണ്ട് ഇന്ത്യന്‍രാഷ്ട്രീയത്തില്‍. അതാണ് മധ്യപ്രദേശിലെ ഗ്വാളിയോര്‍ രാജകുടുംബാംഗം ജ്യോതിരാദിത്യ സിന്ധ്യയുടെ കാര്യത്തില്‍ ഇന്ത്യക്കാരിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. 25000കോടി ആസ്തിയുള്ള പ്രതാപമായ ഗ്വാളിയോര്‍ രാജകുടുംബം രാജ്യസ്വാതന്ത്ര്യത്തിനുശേഷവും കുറച്ചുകാലം പ്രത്യേകാധികാരങ്ങളൊക്കെ കൊണ്ടുനടന്നിരുന്നു. ജ്യോതിയുടെ പിതാവ് മാധവറാവുസിന്ധ്യയായിരുന്നു ഗ്വാളിയോര്‍ രാജകുടുംബത്തിന്റെ അവസാനത്തെ രാജപ്രമുഖ്. നിയമംമൂലം നിര്‍ത്തലാക്കിയെങ്കിലും ഇന്നും കുടുംബത്തിലെ വിജയരാജെയും യശോധരരാജെയുമൊക്കെ ‘രാജെ ‘പദവി അലങ്കാരമായി കൊണ്ടുനടക്കുകയാണ്. ബി.ജെ.പിയുടെ രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി വസുന്ധരരാജെസിന്ധ്യയും ഇതേ കുടുംബമാണ്. അവരിലൊരാളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയിരിക്കുന്നത്.

2018ലെ മധ്യപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പുമുതല്‍ക്കാണ് യുവാവായ സിന്ധ്യയുടെ രാഷ്ട്രീയമോഹങ്ങള്‍ക്കുമേല്‍ കാര്‍മേഘം വീഴുന്നത്. മുഖ്യമന്ത്രിയായി സ്വയവും അണികളും അങ്ങ് പ്രഖ്യാപനം നടത്തി.പക്ഷേ കാര്യത്തോടടുത്തപ്പോള്‍ അതങ്ങ് പോയി. ഡോ.മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ രണ്ടുതവണ (2007ലും 2012ലും ) സഹമന്ത്രിയായി. പിതാവും കോണ്‍ഗ്രസ് നേതാവുമായിരുന്ന മാധവറാവുസിന്ധ്യ 2001 സെപ്തംബറില്‍ വിമാനാപകടത്തില്‍ മരണപ്പെട്ടതോടെയാണ് മാധവപുത്രന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ഇതിനുമുമ്പ് രാജകുടുംബത്തിലെ പലരും ബി.ജെ.പിയിലേക്കാണ് ചേക്കേറിയിരുന്നത്. രാജാധികാരവും ആഢ്യത്വവും പ്രകടിപ്പിക്കാന്‍ പറ്റിയപാര്‍ട്ടി അതുതന്നെ എന്നു കരുതിക്കാണും. പക്ഷേ പിതാവ് സിന്ധ്യക്ക് കോണ്‍ഗ്രസിന്റെ മതേതരത്വത്തോടായിരുന്നു താല്‍പര്യം.

രാജീവ്ഗാന്ധിയോടുള്ള അടുപ്പവും കാരണമായി. സ്വാഭാവികമായും പുത്രന്‍ സിന്ധ്യയും കോണ്‍ഗ്രസിലെത്തി. പിതാവിന്റെ മരണത്തിലൂടെ ഒഴിവുവന്ന ഗുണ ലോക്‌സഭാസീറ്റില്‍ പുത്രന്‍സിന്ധ്യ ഒരുകൈനോക്കി. ഒന്നല്ല, 2004ലും 2009ലും 2014ലും വിജയം ആവര്‍ത്തിച്ചു. കാത്തുകാത്തിരുന്ന മുഖ്യമന്ത്രിപദവും ഇല്ലാതായതോടെ പാര്‍ട്ടിയിലിനി തങ്ങിയിട്ടുകാര്യമില്ലെന്ന് മനസ്സിലായി. 2019ലോക്‌സഭയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയോട് ജ്യോതിരാദിത്യന്‍ തോറ്റു. 2020 മാര്‍ച്ച് 10ന് ബി.ജെ.പിയില്‍ പട്ടാഭിഷേകം. എന്തിനും പോന്നവര്‍. കോടീശ്വരനായിട്ടെന്താ, അതുവഴിയങ്ങ് ജ്യോതിരാദിത്യ പോയപ്പോള്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെയും കൊണ്ടാണ് ജ്യോതി പോകുന്നത്.

കമല്‍നാഥ് മന്ത്രിസഭയില്‍ കാബിനറ്റ്പദവിയുള്‍പ്പെടെ ആറ് മന്ത്രിസ്ഥാനങ്ങള്‍ സിന്ധ്യയുടെ ആളുകള്‍ക്ക് നല്‍കിയിട്ടും മുഖ്യമന്ത്രിപദവി കിട്ടാത്ത കലിപ്പ് തീരുന്നില്ല. അവരും 16 എം.എല്‍.എമാരുമായി ബി.ജെ.പിയുടെ കര്‍ണാടകയിലേക്ക് വിമാനംകയറി ജ്യോതിരാദിത്യന്‍. മടങ്ങിവന്നത് ഡല്‍ഹിയിലെ ആരോഹണത്തിന്. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ സാന്നിധ്യത്തില്‍ ജ്യോതിരാദിത്യക്ക് പാര്‍ട്ടിയില്‍ അംഗത്വം കിട്ടി. വൈകാതെതന്നെ ആ വാര്‍ത്തയുമെത്തി. ജ്യോതിരാദിത്യ ബി.ജെ.പിയുടെ രാജ്യസഭാസ്ഥാനാര്‍ത്ഥിയാകും.

മുഖ്യമന്ത്രിപദദമില്ലെങ്കില്‍ മധ്യപ്രദേശ് പി.സി.സി അധ്യക്ഷസ്ഥാനമോ രാജ്യസഭാംഗത്വമോ ഏതെങ്കിലുമൊന്നെങ്കിലും കിട്ടുമെന്ന് കരുതിയെങ്കിലും കമല്‍നാഥ് ഫാനുകാര്‍ അതൊന്നും ചെവിക്കൊണ്ടില്ല. പയ്യന്‍പോയാല്‍ പോട്ടെ,സര്‍ക്കാരിനെ പിടിച്ചുനിര്‍ത്തുമെന്നാണ് കമലും കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗും പറയുന്നത്. കോണ്‍ഗ്രസ് നേതൃത്വം ചെറുതായൊന്ന് അനങ്ങിയിരുന്നെങ്കില്‍ ജ്യോതി പോകില്ലെന്നാണ് അടക്കിപ്പിടിച്ച വര്‍ത്തമാനം. രാഹുല്‍ഗാന്ധിയിലേക്കാണ് കുന്തമുന നീണ്ടത്. പക്ഷേ തന്നെ അനുമതി ഇല്ലാതെ ഏതുസമയവും വന്നുകാണാന്‍ സ്വാതന്ത്ര്യമുള്ളയാളായിരുന്നു ജ്യോതിയെന്ന് രാഹുല്‍ വ്യക്തമാക്കിയതോടെ ആ കാറ്റയഞ്ഞു. മുമ്പ് നിയമസഭയില്‍ ഭൂരിപക്ഷം കിട്ടിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ആരാണ് മുഖ്യമന്ത്രിയാകുക. അതിന് രാഹുല്‍നല്‍കിയ മറുപടി പരിചയസമ്പന്നരാകുമെന്നായിരുന്നു. പുറത്ത് ചിരിച്ചെങ്കിലും അന്നേ കരുതിവെച്ചതാണ് ബി.ജെ.പിയിലേക്കുള്ള ചാട്ടം.

പതിനാറാം ലോക്‌സഭയില്‍ രാഹുല്‍ഗാന്ധിയുടെ ഇടത്തും വലത്തുമായി ബി.ജെ.പിക്കും മോദിസര്‍ക്കാരിനുമെതിരെ പടപൊരുതിയ കോണ്‍ഗ്രസിന്റെ തിളങ്ങുന്ന മുഖമാണ് ജ്യോതിരാദിത്യസിന്ധ്യ. പക്ഷേ രാഷ്ട്രീയത്തിലെന്നല്ല, വ്യക്തിജീവിതത്തിലും എപ്പോഴാണ് ആളുകള്‍ക്ക് നീരസമുണ്ടാകുക എന്നറിയാന്‍ വയ്യല്ലോ. കശ്മീരിലെ 370-ാം വകുപ്പ് പിന്‍വലിച്ചപ്പോള്‍ രാജ്യവും ലോകവും അതിനെ അതിശക്തിയായി എതിര്‍ത്തപ്പോള്‍ ജ്യോതിരാദിത്യ ബില്ലിനെ പിന്തുണച്ചതിലൂടെ തനിനിറം കാട്ടി. പൗരത്വഭേദഗതി നിയമത്തിലെ മുസ്്‌ലിം വിരുദ്ധതയെ പിന്തുണച്ചുമില്ല. 14 ദിവസം മുമ്പാണ് ബി.ജെ.പി വിദ്വേഷരാഷ്ട്രീയം കളിക്കുകയാണെന്ന് ജ്യോതി ട്വീറ്റ് ചെയ്തത്. പക്ഷേ ആ വാക്കുകള്‍വിഴുങ്ങാന്‍ ഈ 49 കാരന് ദിവസങ്ങളേ വേണ്ടിവന്നുള്ളൂ. ചാക്കും തോക്കുമായി പലരും പിറകെനടക്കുമ്പോള്‍ എങ്ങനെവരില്ലെന്ന് പറയാനാണ്. മധ്യപ്രദേശ് നിയമസഭയിലെ അവിശ്വാസവോട്ടെടുപ്പ് വിജയിപ്പിച്ചെടുക്കലാണ് ഇനിയത്തെ പ്രഥമജോലി. ഡൂണ്‍,ഹര്‍വാഡ് സ്ഥാപനങ്ങളിലായി ബിരുദവും എം.ബി.എയും ഒക്കെ നേടിയെങ്കിലും ഭാവിരാഷ്ട്രീയം സന്ധ്യയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഭാര്യ പ്രിയദര്‍ശിനി രാജെസിന്ധ്യ.രണ്ടുമക്കള്‍.

SHARE