സഊദിയില്‍ നിന്ന് കേള്‍ക്കുന്ന സൈറണ്‍


1980 മുതലിങ്ങോട്ടുള്ള കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയുടെ അടിസ്ഥാനം മലയാളിയുടെ പ്രവാസി വരുമാനമാണ്. ഇതിനെയാണ് കേരള വികസന മാതൃക അഥവാ കേരളമോഡല്‍ എന്ന് നാം കൊട്ടിഘോഷിച്ച് വിളിച്ചിരുന്നത്. ലോകത്തെ വികസിത യൂറോപ്യന്‍-സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിവിധ സാമൂഹിക മേഖലകളില്‍ കേരളം മുന്നിട്ടുനില്‍ക്കുന്നുവെന്ന കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആരോഗ്യം, വിദ്യാഭ്യാസം, ആളോഹരി വരുമാനം, ചുരുങ്ങിയ ശിശുമരണനിരക്ക്, കൂടിവരുന്ന ആയുര്‍ദൈര്‍ഘ്യം എന്നിവയെയാണ് ഇതിനായി ചൂണ്ടിക്കാട്ടിയിരുന്നത്. ലോകത്തെ പല സാമ്പത്തിക-ധനകാര്യ സാമൂഹിക വിദഗ്ധരും പഠനത്തിനായി കേരളത്തിലേക്ക് എത്തിയതും ഇതിന്റെയൊക്കെ ചുവടുപിടിച്ചായിരുന്നു. എന്നാല്‍ നീണ്ട നാല്‍പതു വര്‍ഷത്തിനുശേഷം കേരളം ഈ സാമ്പത്തിക മണിമന്ദിരത്തില്‍നിന്ന് പടിപടിയായി താഴേക്കിറങ്ങുകയാണെന്നാണ് പുതിയ പഠനങ്ങളും വിവരങ്ങളും തെളിയിക്കുന്നത്. ഇതിനുദാഹരണമാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കനുസരിച്ച് സഊദി അറേബ്യയില്‍നിന്ന് വിദേശത്തേക്ക് മടങ്ങിപ്പോയ തൊഴിലാളികളുടെ എണ്ണവും അവരയക്കുന്ന പണത്തിന്റെ അളവില്‍ സംഭവിച്ചിരിക്കുന്ന കുത്തനെയുള്ള ഇടിവും.
സഊദി അറേബ്യയിലെ ഔദ്യോഗിക ഏജന്‍സിയായ ഗോസി (ജനറല്‍ ഒര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ്) എന്ന സംഘടന കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകള്‍ മലയാളിയെ ഞെട്ടിപ്പിക്കേണ്ടതാണ്. ഗോസിയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകളനുസരിച്ച് കഴിഞ്ഞവര്‍ഷം (2019) മാത്രം 20.9 ശതമാനം വളര്‍ച്ചയാണ് സ്വദേശിവല്‍കരണത്തിലുണ്ടായിരിക്കുന്നതത്രെ. അതായത് സഊദി പൗരന്മാര്‍ കൂടുതലായി തങ്ങളുടെ രാജ്യത്തെ തൊഴില്‍ മേഖലകളിലേക്ക് ചേക്കേറിത്തുടങ്ങിയെന്നര്‍ത്ഥം. ഇത് കാര്യമായി ബാധിക്കുക മലയാളിയെ ആണെന്ന് പറയേണ്ടതില്ല. ലോകത്ത് അമ്പതുലക്ഷത്തോളം മലയാളികളാണ് വിവിധ രാജ്യങ്ങളിലായി ജോലി ചെയ്യുന്നതെന്നാണ് കണക്ക്. ലോകത്തെ ഏറ്റവും വലിയ കുടിയേറ്റ സമൂഹവും ഇന്ത്യക്കാരാണ്. രണ്ടാമത് മെക്‌സിക്കോക്കാരും. അവരധികവും പോകുന്നത് അമേരിക്കയിലേക്കും. എന്നാല്‍ സഊദിയെപോലെ മലയാളിയുടെ രണ്ടാമത്തെ ഏറ്റവും വലിയ നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യത്ത് ഇത്രയുംപേര്‍ തൊഴിലിലേക്ക് കടന്നുവരുന്നത് ആ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയുടെ പ്രതിഫലനമെന്നതിനേക്കാളുപരി സാമ്പത്തികമായി കേരളം എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്നതിന്റെകൂടി സൂചനയാണിത്. കേരളത്തിന്റെ നല്ലൊരു ശതമാനം ആളുകള്‍ ജോലി ചെയ്യുന്ന ഗള്‍ഫില്‍ അടുത്തകാലങ്ങളിലായി നടന്നുവരുന്ന സ്വദേശിവല്‍കരണ നടപടികളുടെ ഒരേകദേശ ചിത്രമാണ് സഊദിയുടെ ഗോസി പുറത്തുവിട്ട കണക്കുകള്‍ വിളിച്ചുപറയുന്നത്.
തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് ഏര്‍പെടുത്തുന്ന സംവിധാനം സഊദി നടപ്പാക്കിയ ആദ്യവര്‍ഷം വെറും 17 ശതമാനം പേരാണ് സഊദി പൗരന്മാരായി ജോലിക്ക് കയറാനുണ്ടായിരുന്നതെങ്കില്‍ സര്‍ക്കാരിന്റെ പുതിയ നടപടിക്രമങ്ങള്‍ മൂലം ഇത് 21 ശതമാനത്തിലേക്കെത്തുകയായിരുന്നു. 81.39 ലക്ഷം പേരാണ് 2019ല്‍ ഗോസി രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ളത്. ഇതിനായി വന്‍തുകതന്നെ തൊഴിലാളികളില്‍നിന്നും തൊഴിലുടമകളില്‍നിന്നും ഈടാക്കുകയുണ്ടായി. ഇതിനുപുറമെയാണ് ഇഖാമ (തിരിച്ചറിയല്‍കാര്‍ഡ്) പുതുക്കുന്നതിനുള്ള ഫീസില്‍ നാലിരട്ടിയോളം വര്‍ധന വരുത്തിയത്. താമസകുടുംബ ചെലവുകളില്‍ വന്ന വര്‍ധനമൂലം നിരവധി കുടുംബങ്ങള്‍ തിരികെ നാട്ടിലെത്തി. ഗോസിയുടെ കണക്കനുസരിച്ച് 64.38 ലക്ഷം പേരാണ് അവിടെ വിദേശികളായുള്ളത്. ഇന്ത്യക്കാര്‍ക്കുപുറമെ ഫിലിപ്പീന്‍സ്, ഈജിപ്ത്, സിറിയ, ശ്രീലങ്ക, ബംഗ്ലദേശ് തുടങ്ങിയ രാജ്യക്കാരാണധികം. അവരുടെയെല്ലാം തുകയാണ് സഊദിയുടെ ഇന്‍ഷൂറന്‍സ് മേഖലക്ക് ചെന്നത്. സാമ്പത്തികമായും സൈനികമായും സഊദി നേരിട്ടുവരുന്ന പ്രതിസന്ധിയുടെ നേര്‍ചിത്രം കൂടിയാണിത്. 2019 ല്‍ മാത്രം 4,57,623 വിദേശികള്‍ക്ക് രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഈ തൊഴില്‍ നഷ്ടം വിദേശികള്‍ അവരുടെ രാജ്യങ്ങളിലേക്ക് അയക്കുന്ന തുകയിലും പ്രതിഫലിച്ചു. 2018ല്‍ 136.4 ബില്യന്‍ റിയാലായിരുന്നു ഈ തുകയെങ്കില്‍ കഴിഞ്ഞവര്‍ഷം 125.5 ബില്യന്‍ റിയാലിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ഏതാണ്ട് 10 ശതാമനത്തോളം കുറവ്. ഇത് കേരളത്തിന്റെ വിദേശവരുമാനത്തിലും പ്രതിഫലിച്ചിട്ടുണ്ടാകുമെന്ന് തീര്‍ച്ച. ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് ശരാശരി പ്രതിവര്‍ഷം കേരളത്തിലേക്ക് വിദേശത്തുനിന്നുള്ള നിക്ഷേപമായി വന്നതെങ്കില്‍ ഇക്കഴിഞ്ഞവര്‍ഷം അതിന് നേരിയ കുറവനുഭപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഡോളറുമായി രൂപക്കുണ്ടായിരുന്ന മൂല്യം കുത്തനെ ഇടിഞ്ഞത് മൂലം തുകയുടെ അളവില്‍ ഈ കുറവ് കാര്യമായി പ്രതിഫലിച്ചില്ലെന്നുമാത്രം. വിദേശികള്‍ സഊദിയില്‍നിന്ന് പണമയക്കുന്നതില്‍ കാര്യമായ കുറവനുഭവപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണെന്നാണ് സഊദി ഔദ്യോഗിക ഏജന്‍സിയുടെ വിവരം. അതായത് എട്ടു ശതമാനത്തോളം കുറവ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് രണ്ട് മുതല്‍ ആറു വരെ ശതമാനമായിരുന്നുവത്രെ.
2007ലെ പൊതുമാപ്പിനെതുടര്‍ന്നാണ് സമാനമായ രീതിയില്‍ കേരളത്തിലേക്ക് ഗള്‍ഫ് നാടുകളില്‍നിന്ന് മലയാളികള്‍ തിരിച്ചെത്തിയത്. ഇത് പിന്നീട് 2008ലെ ആഗോള മാന്ദ്യവും കൂടിയായതോടെ സ്ഥിതി താളംതെറ്റിച്ചു. എന്നാല്‍ 2010നുശേഷം കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ വീണ്ടും അവര്‍ മണലരണ്യങ്ങളിലേക്ക് തന്നെ വെച്ചുപിടിച്ചു. ഇതില്‍ പലരും പോയതുപോലെയോ അതിലും സാമ്പത്തികമായി തകര്‍ന്നോ ആണ് തിരിച്ചെത്തിയത്. 2016ലാണ് ഇതിന്റെ പാരമ്യം. 2013-18 കാലത്ത് 13 ലക്ഷം മലയാളികള്‍ നാട്ടിലേക്ക് തിരിച്ചെത്തിയെന്നാണ് സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ്് (സി.ഡി.എസ്) പഠനം പറയുന്നത്. 20 ലക്ഷത്തോളം വിദേശികള്‍ സഊദി അറേബ്യയില്‍നിന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം നാടുപിടിച്ചുവെന്ന് പറയുന്നതുമായി ഇതിനെ ചേര്‍ത്തുവായിക്കണം. നാട്ടിലെത്തി ഉള്ള നീക്കിയിരിപ്പുകൊണ്ട് തുടങ്ങിയ ചെറുകിട-ഇടത്തരം സംരംഭങ്ങളാകട്ടെ ഭരണകക്ഷിക്കാരുടെയും ഉദ്യോഗസ്ഥരുടെയും ‘അക്ഷയഖനി’യായതായാണ് കണ്ണൂരിലെ സാജന്റെയും കൊല്ലം സ്വദേശി സുഗതന്റെയുമൊക്കെ ആത്മഹത്യകള്‍ വിളിച്ചുപറയുന്നത്. കൂനിന്മേല്‍കുരു എന്നതാണ് ഇപ്പോള്‍ ഗള്‍ഫ് മലയാളിയുടെ അവസ്ഥ; കേരളത്തിന്റെയും. വിശേഷിച്ചും രാജ്യം കടുത്തമാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയതോടെ. സംസ്ഥാനാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശപണം എത്തിക്കുന്നവര്‍ മലയാളികളാണ്-19 ശതമാനം. ഇത് നിലക്കുകയെന്നാല്‍ കേരളം ഇതുവരെ കെട്ടിപ്പൊക്കിയതെല്ലാം തകര്‍ന്നുതരിപ്പണമാകുകയായിരിക്കും ഫലം. വ്യാവസായിക-കാര്‍ഷിക രംഗത്തെ തളര്‍ച്ച കൂടിയാകുമ്പോള്‍ ഭാവി ഇരുളടയുമോ എന്നതാവണം ആശങ്ക. ഇതിനനുസൃതമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും നടപ്പാക്കുന്നതിനുംപകരം ലോക കേരളസഭയും കിഫ്ബിയും പോലുള്ള ലൊടുക്കുവിദ്യകളില്‍ തൂങ്ങിയാടുന്നത് ആത്മഹത്യാപരമായിരിക്കും.

SHARE