മുഖ്യമന്ത്രിയെയും പി ജയരാജനെയും തള്ളി പി മോഹനന്‍; പിന്നാലെ മലക്കം മറഞ്ഞ് ജില്ലാ സെക്രട്ടറി

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. അലന്‍ ഷുഹൈബും താഹ ഫസലും ഇപ്പോഴും പാര്‍ട്ടി അംഗങ്ങളാണ്. ഇവര്‍ക്കെതിരേ കരിനിയമമായ യു.എ.പി.എ ചുമത്തിയത് ശരിയല്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പോലിസ് നല്‍കിയ വിവരം അനുസരിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. സര്‍ക്കാരിന് അങ്ങനെയേ ചെയ്യാനാകൂ. കുട്ടികള്‍ക്കുണ്ടാവുന്ന വല്ല ഭ്രമവും സംഭവിച്ചിരിക്കാം. അതല്ലാതെ അവര്‍ മാവോയിസ്റ്റുകളൊന്നുമല്ല അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ പാര്‍ട്ടി തലത്തില്‍ നിന്നുള്ള ഉഗ്രശാസനയെ തുടര്‍ന്ന് പി.മോഹനന്‍ മണിക്കൂറുകള്‍ക്കകം നിലപാട് തിരുത്തി. മാധ്യമങ്ങള്‍ താന്‍ പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നുവെന്ന് പറഞ്ഞാണ് മോഹനന്‍ മലക്കം മറിഞ്ഞത്.

നേരത്തെ പറഞ്ഞത് മുഴുവന്‍ ദൃശ്യ മാധ്യമങ്ങള്‍ റെക്കോര്‍ഡ് ചെയ്‌തെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് ഈ മാറ്റം.
എന്തെങ്കിലും തെറ്റു പറ്റിയാല്‍ത്തന്നെ തിരുത്തിയെടുക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്നും നടപടിയെടുക്കാത്ത കാലത്തോളം അവര്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണെന്നുമാണ് പി.മോഹനന്‍ ആദ്യം പറഞ്ഞത്. ഇവരെ തിരുത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. അവരുടെ സംരക്ഷണത്തില്‍നിന്ന് പാര്‍ട്ടി പിന്‍മാറിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.
ജുഡിഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ കുട്ടികളുടെ ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. അതില്ലാതെ നടപടിയെടുക്കാനുമാവില്ല. അവര്‍ നിരപരാധിത്വം തെളിയിച്ച് പുറത്തു വരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. വിഷയത്തില്‍ ഇരുവരുടെയും കുടുംബം വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്. പാര്‍ട്ടി അവരെ തിരിഞ്ഞു നോക്കുന്നില്ല എന്ന് പരാതിയുണ്ടെങ്കില്‍ ഗൗരവമായിത്തന്നെ പരിശോധിക്കും.

ഇവരുടെ കേസില്‍ യു.എ.പി.എ ചുമത്തേണ്ടതില്ല എന്ന് തന്നെയാണ് തങ്ങള്‍ നേരത്തെയും പറഞ്ഞത്. ഇവര്‍ മാവോയിസ്റ്റ് ആയാല്‍ തന്നെ യു.എ.പി.എ ചുമത്തേണ്ടതില്ല. നിയമാനുസൃതമായി ഇവിടെ ഉണ്ടാക്കിയ സംവിധാനം ഉണ്ട്. യുവാക്കള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടായിരുന്നെന്ന പി.ജയരാജന്റെ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പി.മോഹനന്‍ പ്രതികരിച്ചിരുന്നു.

അലന്‍ ഷുഹൈബും താഹ ഫസലും കുഞ്ഞാടുകളല്ലെന്ന് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരജാനും അഭിപ്രായപ്പെട്ടതോടെ പാര്‍ട്ടി നിലപാട് വ്യക്തമായിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യുവാക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പി മോഹനന്‍ ആദ്യം മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞതും പിന്നീട് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരുത്തിയതും.