സിംഗപ്പൂര്‍സിറ്റി: സീസണു മുന്നോടിയായുള്ള ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ജര്‍മ്മന്‍ ടീം ബയേണ്‍ മ്യൂണിക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സിയെ 3-2ന് തോല്‍പിച്ചു. ആദ്യ പകുതിയില്‍ 27 മിനിറ്റ് പിന്നിടുമ്പോഴേക്കും 3-0ന് പിന്നില്‍ നിന്ന ശേഷം ശക്തമായി മത്സരത്തിലേക്കു തിരിച്ചു വന്ന ചെല്‍സിക്കു പക്ഷേ തോല്‍വി ഒഴിവാക്കാനായില്ല. ശനിയാഴ്ച ആഴ്‌സണലിനെ 3-0ന് തോല്‍പ്പിച്ച ആത്മവിശ്വാസവുമായി ഇറങ്ങിയ ചെല്‍സിയെ ഞെട്ടിച്ചു കൊണ്ട് ബ്രസീലിയന്‍ താരം മാര്‍സിയോ റഫീഞ്ഞോയാണ് ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. ലോങ് റേഞ്ച് ഷോട്ടിലൂടെ ആറാം മിനിറ്റില്‍ തന്നെ ബയേണ്‍ മത്സരത്തില്‍ മുന്നില്‍ കയറി. മത്സരത്തില്‍ താളം കണ്ടെത്തും മുമ്പേ പിന്നാക്കം പോയ ചെല്‍സിക്ക് പക്ഷേ കൂടുതല്‍ പ്രഹരം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ആറ് മിനിറ്റ് കൂടി പിന്നിട്ടതോടെ ബയേണ്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇത്തവണ ഫ്രാങ്ക് റിബറിയുടെ പാസില്‍ നിന്നും തോമസ് മുള്ളറായിരുന്നു ഗോള്‍സ്‌കോറര്‍. 27-ാം മിനിറ്റില്‍ മുള്ളര്‍ തന്റെ രണ്ടാം ഗോളും ഒപ്പം ടീമിന്റെ ലീഡ് 3-0 ആക്കിയും ഉയര്‍ത്തി. മുള്ളറുടെ മികവിന് മുന്നില്‍ ചെല്‍സി ഗോള്‍കീപ്പര്‍ കുര്‍ട്ടോയിസിന് മറുപടിയുണ്ടായിരുന്നില്ല.
മൂന്ന് ദിവസം മുമ്പ് ആഴ്‌സണലിനു മുന്നില്‍ വന്‍മതില്‍ തീര്‍ത്ത ചെല്‍സി പ്രതിരോധം ബയേണിന്റെ വേഗതയാര്‍ന്ന നീക്കത്തിനു മുന്നില്‍ ആടിയുലഞ്ഞു. മൂന്നു ഗോളിന് പിന്നില്‍ നിന്നതോടെ ആര്‍ത്തു വിളിച്ച സിംഗപ്പൂര്‍ കാണികള്‍ക്കു മുന്നില്‍ ഉണര്‍ന്ന ചെല്‍സി ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. മാര്‍കോ അലന്‍സോയായിരുന്നു ഗോള്‍ സ്‌കോറര്‍. രണ്ടാം പകുതിയില്‍ ചെല്‍സി കോച്ച് അന്റോണിയോ കോന്റെ അല്‍വരോ മൊറാറ്റയെ കളത്തിലിറക്കി. ചെല്‍സിക്കു വേണ്ടി അരങ്ങേറ്റം കുറിച്ച മൊറാറ്റ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. 85-ാം മിനിറ്റില്‍ മികി ബാഷുവായിയിലൂടെയായിരുന്നു ചെല്‍സിയുടെ രണ്ടാം ഗോള്‍ പിറന്നത്. സീസണു മുന്നോടിയായുള്ള മൂന്നു മത്സരങ്ങളില്‍ ബല്‍ജിയം താരം നേടുന്ന അഞ്ചാം ഗോളാണിത്. അവസാന മിനിറ്റില്‍ ആഞ്ഞടിച്ച ചെല്‍സിയുടെ മുന്നേറ്റ നിരയെ പ്രതിരോധിക്കാന്‍ ബയേണ്‍ നന്നേ പാടുപെട്ടെങ്കിലും വിജയം കൈവിടാതെ കാക്കാന്‍ ബയേണിനു സാധിച്ചു.