കോഴിക്കോട്ട് ചിക്കന്‍ വിലയെ ചൊല്ലി പോര്; കുറഞ്ഞ വിലയില്‍ വന്ന് ചിക്കന്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് മലപ്പുറത്തെ വ്യാപാരികള്‍


കോഴിക്കോട്: ജില്ലയില്‍ കുറഞ്ഞ വിലക്ക് ചിക്കന്‍ വില്‍ക്കാന്‍ തയ്യാറാണെന്ന വാഗ്ദാനവുമായി മലപ്പുറത്തെ ചിക്കന്‍ വ്യാപാരികള്‍. അനുമതി തന്നാല്‍ കുറഞ്ഞ വിലക്ക് കോഴിക്കോട് നഗരത്തില്‍ ചിക്കന്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് ജില്ലാ കലക്ടറെ അറിയിച്ചു. ജില്ലയിലെ ചിക്കന്‍ വ്യാപാരികളും കലക്ടറും തമ്മില്‍ വിലയെച്ചൊല്ലി തര്‍ക്കം തുടരുന്നതിനിടയിലാണ് മലപ്പുറത്തെ ചിക്കന്‍ വ്യാപാരികളുടെ രംഗപ്രവേശം.

കലക്ടര്‍ പ്രഖ്യാപിച്ച വിലക്കപ്പുറം കടന്ന് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ തുടങ്ങിയതോടെയാണ് കോഴിക്കോട്ട് ചിക്കന്‍ വ്യാപാരികളുമായുള്ള പ്രശ്‌നം ആരംഭിച്ചത്. ഈ ആവശ്യത്തിനുമേല്‍ ചിക്കന്‍ വ്യാപാരികള്‍ സമരം നടത്തുകയും ചെയ്തു. ഇത് കലക്ടറും ചിക്കന്‍ വ്യാപാരികളും തമ്മിലുള്ള അസ്വാരസ്യത്തിലേക്ക് മാറി. ഇതിനിടയിലാണ് മലപ്പുറത്തെ ചിക്കന്‍ വ്യാപാരികളുടെ രംഗപ്രവേശം.

കലക്ടര്‍ പറയുന്നതിലും വില കുറച്ച് വില്‍ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അതിനു പക്ഷേ കലക്ടര്‍ തന്നെ അവസരമൊരുക്കണമെന്നാണ് മലപ്പുറത്തെ ചിക്കന്‍ വ്യാപാരികളുടെ ആവശ്യം. ഏതായാലും കോഴിക്കോട്ടെയും മലപ്പുറത്തേയും ചിക്കന്‍ വ്യാപാരികളുടെ പുതിയ മത്സരം കോഴി വില കുറയാന്‍ കാരണമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.