ജപ്പാനിലും കൊറിയയിലും പോയി മുഖ്യമന്ത്രി തിരിച്ചെത്തി; ഖജനാവില്‍ നിന്ന് ചെലവഴിച്ച തുകക്കണക്ക് ഇങ്ങനെ

തിരുവനന്തപുരം: പതിനൊന്ന് ദിവസത്തെ വിദേശ പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്നലെ അര്‍ദ്ധരാത്രിയോടെ തലസ്ഥാനത്ത് തിരിച്ചെത്തി. ജപ്പാന്‍, കൊറിയ പര്യടനത്തിനായി കഴിഞ്ഞ മാസം 23നാണ് മുഖ്യമന്ത്രി, മന്ത്രിമാരായ ഇ.പി. ജയരാജന്‍, എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരുള്‍പ്പെട്ട സംഘം യാത്ര തിരിച്ചത്. സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പര്യടനം. വിദേശ പര്യടനത്തിന് 80 ലക്ഷത്തോളം രൂപ ചെലവായതായാണ് ഔദ്യോഗിക കണക്ക്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നെങ്കിലും അവരുടേത് ഔദ്യോഗിക ചെലവിലല്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം കൊണ്ടു സംസ്ഥാനത്തിന് എന്ത് പ്രയോജനമുണ്ടായെന്ന ചോദ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ജപ്പാനിലെ സര്‍വകലാശാലയുമായി കരാറുണ്ടാക്കാന്‍ എന്തിന് മുഖ്യമന്ത്രി പോകണമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോ വൈസ് ചാന്‍സലറോ പോയാല്‍ പോരേയെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ പകരം മന്ത്രിമാര്‍ക്ക് ചുമതലയൊന്നും നല്‍കിയിരുന്നില്ല. കഴിഞ്ഞയാഴ്ച പതിവ് മന്ത്രിസഭാ യോഗവും ചേര്‍ന്നില്ല. ഈയാഴ്ചത്തെ മന്ത്രിസഭായോഗം നാളെ ചേരും.

SHARE